ദുബായ്: ഷാർജയിൽ 28കാരിയുടെ ഗർഭപാത്രത്തിൽ നിന്ന് നീക്കം ചെയ്തത് ആറ് കിലോ തൂക്കമുള്ള മുഴ. ഷാർജയിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോ. പ്രൊഫസർ മുഹമ്മദ് സയ്യിദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്.
അടിവയറ്റിൽ വലിയ വീക്കവും തുടർച്ചയായ വേദനയും ഉണ്ടായതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തതെന്ന് ഡോക്ടർമാർ പറഞ്ഞു. ദഹനപ്രശ്നങ്ങളും നടക്കാനുള്ള പ്രശ്നങ്ങളും യുവതിക്കുണ്ടായിരുന്നതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. സയ്യിദ് പറഞ്ഞു.
യുഎഇയിലെ വിവിധ ആശുപത്രികളിൽ യുവതി ചികിത്സ തേടിയിട്ടും പ്രശ്നങ്ങൾ കുറയാത്തതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി ആശുപത്രിയിലെത്തിയത്. തുടർച്ചയായ റേഡിയോളജിക്കൽ പരിശോധനയിലാണ് ഗർഭപാത്രത്തിൽ മുഴ കണ്ടെത്തിയതെന്നും ഡോ. സയ്യിദ് പറഞ്ഞു.
ഗർഭാശയവും അണ്ഡാശയവും നീക്കം ചെയ്യുന്നതിലേക്ക് നയിച്ചേക്കാവുന്ന മാരകമായ ട്യൂമർ ആകാനുള്ള സാധ്യത കണക്കിലെടുത്ത് ചില ആശുപത്രികൾ ശസ്ത്രക്രിയ നടത്താൻ വിമുഖത കാണിച്ചു. എന്നാൽ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഗൈനക്കോളജി, റേഡിയോളജി വിഭാഗം യുവതിയുടെ കേസിനെക്കുറിച്ച് കൂടുതൽ വിലയിരുത്തൽ നടത്തി. ക്ലിനിക്കൽ മൂല്യനിർണ്ണയത്തെയും റേഡിയോളജിക്കൽ പരിശോധനകളുടെ ഫലത്തെയും അടിസ്ഥാനമാക്കി വലിയ ഗർഭാശയ മുഴയാണെന്ന് വിലയിരുത്തുകയായിരുന്നു.
അതിസങ്കീർണമായ ലാപ്രോട്ടമി ശസ്ത്രക്രിയയിലൂടെ ആറ് കിലോ ഭാരമുളള ഗർഭാശയ മുഴ നീക്കം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം രോഗി പൂർണമായും സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർമാർ അറിയിച്ചു. യുവതിയുടെ ഗർഭാശയത്തെയും അണ്ഡാശയത്തെയും പൂർണ്ണമായും സംരക്ഷിച്ചു കൊണ്ടായിരുന്നു ശസ്ത്രക്രിയ നടത്തിയത്.