പാരിസ്: ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കിടുന്നത് നിയന്ത്രിക്കുന്ന നിയമം വന്നതിനെ തുടർന്ന് ശനിയാഴ്ച ഫ്രാൻസിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഒടുവിൽ ജനകീയ പ്രതിഷേധങ്ങൾക്ക് ശേഷം നിയമം ഫ്രഞ്ച് സര്‍ക്കാര്‍ പിന്‍വലിച്ചു.
“ബിൽ പൂർണ്ണമായും മാറ്റിയെഴുതുകയും പുതിയ പതിപ്പ് സമർപ്പിക്കുകയും ചെയ്യും,” എന്ന് ഫ്രഞ്ച് പാർലമെന്റിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണകക്ഷി മേധാവി ക്രിസ്റ്റോഫ് കാസ്റ്റാനർ തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയായിരുന്നു പാരിസിലെ പോലീസുദ്യോഗസ്ഥർ ബ്ലാക്ക് സംഗീത നിർമ്മാതാവായ മൈക്കിൾ സെക്‌ളരെ മർദിച്ചതിന്റെ ചിത്രങ്ങൾ പുറത്തു വന്നത്.
പോലീസിന്റെ ക്രൂരത വെളിപ്പെടുത്തുന്നത് ആളുകളെ തടയാൻ പുതിയ നിയമത്തിന് കഴിയുമെന്ന ആശങ്കയുണ്ടായിരുന്നു. പുതിയ സുരക്ഷാ നിയമനിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്.
പാരിസിൽ നടന്ന പ്രകടനത്തിൽ പ്രതിഷേധക്കാർ കാറുകൾക്കും ഹോട്ടലുകൾക്കും തീയിട്ടു. ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവര്‍ക്ക് ”ശാരീരികമോ മാനസികമോ’ ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകുമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. പോലീസുദ്യോഗസ്ഥരുടെ ചിത്രം പങ്കിട്ടാൽ 45000 യൂറോ പിഴയും ഒരു വര്ഷം തടവും ലഭിക്കും.




































