ന്യൂഡൽഹി: അയോധ്യയിൽ പുതിയതായി ഉയരുന്ന മസ്ജിദിൻ്റെ രേഖാചിത്രങ്ങള്‍ പുറത്തു വന്നു. ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (IICF) എന്ന ട്രസ്റ്റാണ് മസ്ജിദിൻ്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും രൂപരേഖ പുറത്തു വിട്ടത്. ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡിൻ്റെ നിയന്ത്രണത്തിലാണ് ഐഐസിഎഫ് പ്രവര്‍ത്തിക്കുന്നത്.
അയോധ്യയിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ലഭിച്ച സ്ഥലത്താണ് പുതിയ മസ്ജിദ് ഉയരുന്നത്. മസ്ജിദ് നിർമ്മാണത്തിനായി കേന്ദ്ര സുന്നി വഖഫ് ബോർഡാണ് ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (IICF) എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചത്.

കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിലൂടെ ജാമിയ മിലിയ സ്കൂൾ ഓഫ് ആർക്കിടെക്ച്ചറിലെ ഡീൻ സയ്യിദ് മുഹമ്മദ് അക്തറാണ് രൂപരേഖ പ്രദർശിപ്പിച്ചത്. ആശുപത്രി, ലൈബ്രറി, സമൂഹ അടക്കള, മ്യൂസിയം എന്നിവ ഉൾപ്പെടുന്നതാണ് മസ്ജിദ് സമുച്ചയം. താഴികക്കുടങ്ങളില്ലാത്ത ആധുനിക രൂപകൽപനയിലുള്ള മോസ്കാണ് സ്ഥലത്ത് നിര്‍മിക്കുന്നത്.
“ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മോസ്ക് രൂപകൽപന ചെയ്തിരിക്കുന്നത്. താഴികക്കുടങ്ങളില്ലാതെ ഒരു മുട്ടയുടെ രൂപത്തിലായിരിക്കും മസ്ജിദ്. രണ്ട് നിലകളുള്ള മോസ്കിന് മിനാരങ്ങളും ഉണ്ടാകില്ല. ഒരേ സമയം 2000 പേര്‍ക്ക് നിസ്കരിക്കാൻ ഇവിടെ സൗകര്യമുണ്ടായിരിക്കും” ജാമിയ മിലിയ സര്‍വകലാശാലയിലെ പ്രൊഫ. എസ് എം അക്തര്‍ പറഞ്ഞു.
പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തരത്തിലായിരിക്കും ആശുപത്രിയുടെ പ്രവര്‍ത്തനം. ഗര്‍ഭിണികളുടെയും പോഷകക്കുറവുള്ള കുട്ടികളുടെയും ചികിത്സയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും ഐഐസിഎഫ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നിര്‍മാണം അടുത്ത വര്‍ഷം ഓഗസ്റ്റിലായിരിക്കും ആരംഭിക്കുക.






































