By: ഡയസ് ഇടിക്കുള(ചെയർമാൻ, തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ്)
മലയാളത്തിന്റെ പ്രീയപ്പെട്ട കവയത്രിയും, പ്രകൃതി സംരക്ഷണ സമരങ്ങളുടെ മുന്നണി പോരാളിയും, നിരാലംബരുടെ കാവലാളും, ഗാന്ധിയൻ ചിന്തകൾ ജീവിതത്തിൽ സ്വാംശീകരിച്ച പ്രീയപ്പെട്ട സുഗതകുമാരി ടീച്ചറിന് പ്രണാമം!!!
അനന്തപുരിയിലെ വിദ്യാഭ്യാസ കാലയളവിലാണ് സുഗതകുമാരി ടീച്ചറിന്റെ പ്രഭാഷണങ്ങൾ അടുത്തിരുന്നു കേൾക്കാൻ അവസരമുണ്ടായത്. എഴുത്തിലും പ്രഭാഷണത്തിലും പ്രതിപാദ്യ വിഷയം പ്രകൃതി സംരക്ഷണവും നിരാലംബരുടെ പ്രശ്‌നങ്ങളും ആയിരിയ്ക്കും.
വരും തലമുറയ്ക്കായി പ്രാണവായു കരുതാൻ മനുഷ്യ സമൂഹത്തിന് പ്രചോദനം നൽകിയ പ്രകൃതിയുടെ കാവലാളാണ് വിടവാങ്ങിയത്. സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം എന്ന കവിത സുഗതകുമാരി ടീച്ചറിന്റെപ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമാണ്. കേരളീയ സമൂഹത്തിൽ പ്രകൃതി സംരക്ഷണമെന്ന ആശയം കുടിയിരുത്തിയ സൈലന്റ് വാലി സമരത്തിന്റെ സാരഥിയാണ് സുഗതകുമാരി ടീച്ചർ.
ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയും ശ്രീ. ടി. എൻ. ശേഷൻ കേന്ദ്ര വനം സെക്രട്ടറിയും ആയിരുന്ന ആ കാലയളവിൽ ഉണ്ടായ ശക്തമായ നിയമങ്ങളാണ് ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന കാടുകൾ. ജീവിതാന്ത്യം വരെ സാമൂഹ്യ നന്മയ്ക്കായി പടപൊരുതിയ സുഗതകുമാരി ടീച്ചർ ആഗ്രഹിച്ചത് ഒരാൽമരം മാത്രമാണ്!!!
തന്റെ ഓർമ്മയ്ക്കായി നടുന്ന ആൽമരത്തിൽ പഴങ്ങൾ ഉണ്ടാകുമ്പോൾ താൻ ഏറെ സ്‌നേഹിച്ച പക്ഷികൾ ആ മരത്തിൽ ഓടി എത്തുന്ന ചേതോഹരമായ കാഴ്ച് സ്വപ്‌നം കണ്ടുകൊണ്ടാണ് സുഗതകുമാരി ടീച്ചർ വിടവാങ്ങിയത്. അഭയം തേടാൻ ആശ്രയമില്ലാത്തവർക്ക് അഭയം നൽകാൻ അവസരം നൽകിയ ഒരു മഹത്തായ സ്ഥാപനം കേരളീയ സമൂഹത്തിന് സമർപ്പിച്ച മലയാളത്തിന്റെ പ്രീയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചറിന് പ്രണാമം!!!
തിരുവിതാംകൂർ മലയാളി കൗൺസിലിന്റെ അഭിമുഖ്യത്തിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി വന്ന സുഗതകുമാരി ടീച്ചർക്കൊപ്പം വേദി പങ്കിടാൻ ഈശ്വരൻ നൽകിയ അവസരം ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. വളരെ വികാര ഭരിതമായാണ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ടീച്ചർ പ്രസംഗിച്ചത്. തൊഴുകൈകളോടെ ടീച്ചറെ യാത്രയാക്കിയ നിമിഷങ്ങൾ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.
സ്‌നേഹാദരങ്ങളോടെ
ഡയസ് ഇടിക്കുള (ചെയർമാൻ, തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ്)