ബീജിംഗ്: ചൈനയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനേഷന്‍ ഫലപ്രദമാണെന്നും ആഗോളതലത്തില്‍ അത് വിതരണം ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബുധനാഴ്ച വെളിപ്പെടുത്തി. ഇവിടെ നിര്‍മ്മിക്കപ്പെട്ട കൊറോണ വൈറസ് വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് അവസാനഘട്ട പരീക്ഷണങ്ങള്‍ തെളിയിച്ചുവെന്ന് അവര്‍ അവകാശപ്പെട്ടു.
വരും മാസങ്ങളില്‍ കോടിക്കണക്കിന് ചൈനീസ് വാക്‌സിന്‍ ഡോസുകള്‍ ആഗോളതലത്തില്‍ ലഭ്യമാക്കുന്നതിന് അനുകൂലമായ ഫലങ്ങള്‍ ആണ് പരീക്ഷണത്തിലൂടെ ലഭ്യമായതെന്നും തങ്ങള്‍ അതിന് തയ്യാറെടുക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സ് വിഭാഗം നടത്തിയ വാക്‌സിന്‍ കാന്‍ഡിഡേറ്റ് ഇടക്കാല മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ 79 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് തെളിയിച്ചതായി സിനോഫാര്‍ം എന്ന ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനി വ്യക്തമാക്കി. വാക്‌സിന്‍ ആഗോളതലത്തില്‍ വിശാലമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ചൈനീസ് റെഗുലേറ്റര്‍മാര്‍ക്ക് കമ്പനി അപേക്ഷ നല്‍കിയതായി സിനോഫാം പറഞ്ഞു.
രാജ്യത്തിന്റെ വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി പകുതിയോടെ ചൈനയില്‍ 50 ദശലക്ഷം ആളുകള്‍ക്ക് കുത്തിവയ്പ്പ് നല്‍കാനുള്ള പദ്ധതികളുമായി അധികൃതര്‍ മുന്നോട്ട് പോയിട്ടുണ്ടെന്ന് ചൈനീസ് വാക്‌സിന്‍ വിദഗ്ധര്‍ പറഞ്ഞു.
ഇതിനകം തന്നെ മോഡേണയും ഫൈസര്‍-ബയോടെക്കും ചേര്‍ന്ന് നിര്‍മ്മിച്ച മറ്റ് രണ്ട് കൊറോണ വൈറസ് വാക്‌സിനുകള്‍ക്ക് ഇതിനകം 95 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. 40-ലധികം രാജ്യങ്ങളില്‍ ഫൈസര്‍-ബയോടെക് വാക്‌സിന് അംഗീകാരം ഇതിനകം ലഭിച്ചു. പല രാജ്യങ്ങളും വാക്‌സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തി ആരംഭിക്കുകയും ചെയ്തു. മോഡേണയുടെ വാക്‌സിന്‍ അമേരിക്ക അംഗീകരിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങള്‍ അതിന്റെ പരീക്ഷണ ഫലങ്ങള്‍ ഇപ്പോള്‍ വിലയിരുത്തി വരുന്നു. അതുപോലെ റഷ്യ തങ്ങളുടെ സ്പുട്‌നിക് വി വാക്‌സിന്‍ ഫലപ്രാപ്തി 91 ശതമാനമാണെന്ന് പ്രഖ്യാപിക്കുകയും ഇതിനകം ഒരു വലിയ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് തങ്ങളുടെ വാക്‌സിനേഷന്റെ വൈഭവവുമായി ചൈന രംഗത്ത് എത്തിയത്.







































