തൊഴിൽ വിപണിയിലെ വിദഗ്ധ തൊഴിലാളികളുടെ കഴിവ് ഉറപ്പുവരുത്തുന്നതിനായി “പ്രൊഫഷണൽ വെരിഫിക്കേഷൻ” പ്രോഗ്രാം ആരംഭിച്ച് സൗദി അറേബ്യ. രാജ്യത്തെ എല്ലാ തൊഴിലാളികളും തങ്ങളുടെ പ്രത്യേക മേഖലകളിലെ പ്രായോഗികവും സൈദ്ധാന്തികവുമായ പരീക്ഷകളിലൂടെ കടന്നുപോകുമെന്നും തങ്ങൾ നിയമിച്ച തൊഴിൽ നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് നിലവില്‍ ജോലി ചെയ്യുന്ന പ്രവാസിതൊഴിലാളികള്‍ക്കും ഈ പരീക്ഷ പാസാവേണ്ടത് അനിവാര്യമാണ്. ഇവർക്ക് അടുത്ത ജൂലൈ മാസം മുതൽ തൊഴില്‍ നൈപുണ്യ പരീക്ഷ ആരംഭിക്കും.
സൗദി ഗസറ്റ് അനുസരിച്ച്, രാജ്യത്തെ എല്ലാ വിദഗ്ധ തൊഴിലാളികൾക്കും അവർ റിക്രൂട്ട് ചെയ്ത തൊഴിൽ നിർവഹിക്കാനുള്ള കഴിവുണ്ടോയെന്ന് പരിശോധിച്ചുറപ്പിക്കുകയാണ് വെരിഫിക്കേഷൻ പ്രോഗ്രാം ലക്ഷ്യമിടുന്നത്. വെല്‍ഡിംഗ്, റിപ്പയര്‍ ജോലികള്‍, കൊല്ലപ്പണി, ടെലികോം,ഡ്രില്ലിംഗ്, ഓയില്‍ എക്സ് പോളോറേഷന്‍, കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ ജോലികള്‍, ഇലക്‌ട്രോണിക്സ്, ആശാരിപണി, എയര്‍കണ്ടീഷനിംഗ്, കൂളിംഗ്, എന്നിങ്ങനെ എല്ലാ വിഭാഗത്തിനും പരീക്ഷ നിര്‍ബന്ധമാണ്.
കെഎസ്‌എയിലെ നിലവിലെ എല്ലാ വിദഗ്ധ തൊഴിലാളികൾക്കും പരിശോധനാ പ്രക്രിയ ആരംഭിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം എല്ലാ സ്ഥാപനങ്ങളോടും നിർദ്ദേശിച്ചു. കൂടാതെ. പരീക്ഷ പാസാകാന്‍ കഴിയാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നല്‍കില്ലെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചതോടെ പരാജയപ്പെടുന്നവര്‍ക്ക് രാജ്യം വിടേണ്ടിവരും.