ന്യൂദല്‍ഹി: ഐഎസ്ആർഓ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാന്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച റിട്ട. ജസ്റ്റിസ് ഡി. കെ. ജയിന്‍ സമിതി റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു.
സി.ബി.ഐ ഡയരക്ടര്‍ക്കോ സി.ബി.ഐ ആക്ടിങ് ഡയരക്ടര്‍ക്കോ ഉടന്‍ തന്നെ റിപ്പോർട്ട് കൈമാറാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം റിപ്പോർട്ടിൻ്റെ ഉള്ളടക്കം പുറത്തുവിടരുതെന്നും, മൂന്ന് മാസത്തിനകം സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് ഡികെ ജെയിൻ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറിലായിരുന്നു സമിതി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിർണായക ഉത്തരവ് ഇറക്കിയത്.
 
                






