യു എ ഇ ഡ്രൈവിംഗ് ലൈസെൻസിന് യു കെ യിൽ അംഗീകാരം നൽകി. യു കെ യിൽ പ്രത്യേക ടെസ്റ്റിന് ഹാജരാകാതെ തന്നെ ഇനി യു എ ഇ ഡ്രൈവിംഗ് ലൈസൻസ് യുകെ ലൈസൻസാക്കി മാറ്റിയെടുക്കാം. യു എ ഇ യിൽ നിന്ന് യു കെ യിലേക്ക് പോകുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് ഈ ആനൂകൂല്യം ലഭ്യമാകും. ഈ മാസം 20 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്.
നേരത്തെ യുഎഇയിൽനിന്ന് എത്തുന്നവർക്ക് പരമാവധി ഒരു വർഷം വരെയാണ് അവിടുത്തെ ലൈസൻസ് ഉപയോഗിച്ച് ബ്രിട്ടനിൽ വാഹനം ഓടിക്കാൻ അനുമതി ഉണ്ടായിരുന്നത്. എന്നാലും യു കെ ലൈസെൻസ് എടുക്കുന്നതിനു മുൻപ് തിയറി, പ്രക്ടിക്കൽ ടെസ്റ്റുകൾ പാസാകണമായിരുന്നു. ഇതിന് 1000 പൗണ്ടോളം ചിലവ് വരും.
എന്നാൽ പുതിയ നിയമം വന്നതോടെ വെറും 43 പൗണ്ടു മുടക്കി അപേക്ഷ നൽകി യുഎഇ ലൈസൻസ് യുകെ ലൈസൻസ് ആക്കി മാറ്റാൻ സാധിക്കും. യുഎഇയിൽ ഡ്രൈവിംങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ടെസ്റ്റിംങ്ങ് സ്റ്റാന്റേർഡ് ബ്രിട്ടണിലേതിന് തുല്യമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം.
യുഎഇയ്ക്കു പുറമെ തായ്വാൻ, ഉക്രെയിൻ, റിപ്പബ്ലിക്ക് ഓഫ് നോർത്ത് മാസിഡോണിയ എന്നീ രാജ്യങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും.