തൃശ്ശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. രാജ്യസഭാ എം.പിയും തൃശ്ശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന നടന്‍ സുരേഷ് ഗോപിയിൽ നിന്നും മൊഴിയെടുക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ ധർമരാജനും സംഘവും എത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം എത്തിയത് എങ്ങിനെയാണ് എന്നറിയാൻ കൂടി വേണ്ടിയാണ് അദ്ദേഹത്തിൽ നിന്നും മൊഴിയെടുക്കുന്നത്. അതേസമയം പുറത്തുവന്ന വാർത്തയോട് സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനേയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ബി.ജെ.പി നേതൃത്വം അറിയാതെ പണം എത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനംഅതുകൊണ്ടുതന്നെ അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് സൂചന.
 
                






