കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ വത്തിക്കാന്‍ നടപടിക്കെതിരെ ഹൈക്കോടതി മുൻ ജഡ്‌ജി മൈക്കിൾ എഫ് സൽദാന രംഗത്ത്. എഫ്‌സിസി സന്യാസിനീ സമൂഹത്തിൽ നിന്ന് സിസ്‌റ്റർ ലൂസി കളപ്പുരയെ പുറത്താക്കിക്കൊണ്ടുള്ള വത്തിക്കാൻ തീരുമാനത്തിനെതിരെ വത്തിക്കാനിലെ പൗരസ്‌ത്യ തിരു സംഘത്തിൻ്റെ തലവനും അപ്പോസ്‌തലിക് നൺസിയോക്കിനുമാണ് ജഡ്‌ജി വക്കീല്‍ നോട്ടീസ് അയച്ചത്.
കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസിയെ സന്യാസ സഭയില്‍ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍ സഭാ കോടതിയുടെ വിധി സിസ്റ്റര്‍ ലൂസിക്ക് ലഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വത്തിക്കാനിലെ ഓഫീസ് അടച്ചിട്ടിരിക്കുന്ന സമയത്താണ് ഈ കത്ത് അയച്ചിരിക്കുന്നതെന്നും കത്ത് വ്യാജമാണോയെന്ന് സംശയമുണ്ടെന്നും സല്‍ദാന പറയുന്നു.
പള്ളി നിയമങ്ങളും കാനോൻ നിയമം ലംഘിക്കുകയും അതിനെതിരെ പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് സിസ്റ്റർ ലൂസിക്കെതിരായ ആരോപണം. സഭാ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും 2019 മെയ് 11നാണ് ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്.




































