കണ്ണൂർ: എൻഡിഎ സ്ഥാനാർഥിയാക്കാൻ സി.കെ.ജാനുവിനു നൽകാൻ പണം ഏർപ്പാടാക്കുന്നത് ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം.ഗണേഷാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) നേതാവ് പ്രസീത അഴീക്കോട്. 25 ലക്ഷം രൂപയാണു ബത്തേരിയിൽ വച്ച് ജാനുവിനു കൈമാറിയതെന്നും ആർഎസ്എസ് ഇടപെടലിനു കൂടുതൽ തെളിവുണ്ടെന്നും പ്രസീത വ്യക്തമാക്കി. സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണത്തിന്റെ പുതിയ ശബ്ദരേഖയാണ് ഇതിനു തെളിവായി പ്രസീത.
ആദ്യം കൈമാറിയ 10 ലക്ഷത്തിനു പുറമെയാണു ബിജെപി 25 ലക്ഷം കൂടി ജാനുവിനു നൽകിയതെന്നും മാർച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയിൽ വച്ചാണു ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ പണം കൈമാറിയതെന്നും പാർട്ടിക്കായി നൽകിയ പണവും ജാനു കൈക്കലാക്കിയെന്നും പ്രസീത ആരോപിക്കുന്നുണ്ട്. എം.ഗണേഷുമായി സംസാരിച്ചതിനു കൂടുതൽ തെളിവുണ്ടെന്നു൦ ജാനുവിനെ സംഘടനയിൽനിന്നും നീക്കുമെന്നും ജെആർപി എൻഡിഎ മുന്നണി വിടുമെന്നും പ്രസീത വ്യക്തമാക്കി