ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ വെള്ളിയാഴ്ച തീവ്രവാദികളുമായി ഏറ്റുമുട്ടലിനിടെ ഇന്ത്യൻ ആർമി സൈനികൻ കൊല്ലപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡ്രോൺ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ പുൽവാമ കേന്ദ്രീകരിച്ച് സൈന്യം തെരച്ചിൽ നടത്തിവരികയായിരുന്നു.
ഇതിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതിനെത്തുടർന്ന് തെരച്ചിൽ പ്രവർത്തനം ഏറ്റുമുട്ടലായി മാറി. ഈ ആക്രമത്തിൽ സൈനികൻ കൊല്ലപ്പെട്ടു. വേറൊരു സൈനികന് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പുൽവാമ ജില്ലയിലെ രാജ്പോറ പ്രദേശത്തെ ഹൻജിൻ ഗ്രാമത്തിൽ നിരവധി തീവ്രവാദികൾ അഭയം തേടിയിട്ടുണ്ടെന്ന് സൂചിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. 3-4 തീവ്രവാദികൾ പ്രദേശത്ത് ഒളിച്ചിരിക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 61 തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തിയിട്ടുണ്ട്.