gnn24x7

ഡാനിഷ് സിദ്ദീഖി അബദ്ധത്തില്‍ കൊല്ലപ്പെട്ടതല്ല; താലിബാന്‍ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തി

0
315
gnn24x7

വാഷിങ്ടന്‍∙: പുലിസ്റ്റര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ ഫൊട്ടോഗ്രഫര്‍ ഡാനിഷ് സിദ്ദീഖി കാണ്ഡഹാറിലെ സ്പിന്‍ ബൊള്‍ഡാക്ക് ജില്ലയിലെ അഫ്ഗാന്‍ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അബദ്ധത്തില്‍ കൊല്ലപ്പെട്ടതല്ലെന്നും താലിബാന്‍ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുമുള്ള വിവരം അമേരിക്കന്‍ മാധ്യമമായ വാഷിങ്ടന്‍ എക്‌സാമിനര്‍ പുറത്തുവിട്ടു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെടിവച്ച് വികൃതമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡാനിഷ് സിദ്ദീഖി അഫ്ഗാന്‍ ദേശീയ സേനയ്‌ക്കൊപ്പമാണ് സ്പിന്‍ ബൊള്‍ഡാക്ക് മേഖലയിലേക്കു പോയതെന്ന് വാഷിങ്ടന്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റംസ് പോസ്റ്റില്‍നിന്ന് കുറച്ചു ദൂരം സഞ്ചരിച്ചപ്പോള്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ സംഘം വേര്‍പിരിഞ്ഞു. കമാന്‍ഡറും കുറച്ചാളുകളും ഡാനിഷ് ഉള്‍പ്പെട്ട സംഘത്തില്‍നിന്ന് അകന്നു പോയി. ഡാനിഷിനൊപ്പം മൂന്ന് അഫ്ഗാന്‍ സൈനികരാണ് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ഡാനിഷിനു പരുക്കേറ്റതോടെ ഇവര്‍ അടുത്തു കണ്ട പള്ളിയില്‍ കയറി പ്രാഥമിക ശുശ്രൂഷ സ്വീകരിച്ചു.

ഡാനിഷിനെ ജീവനോടെ പിടികൂടിയ താലിബാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ പരിശോധിച്ചശേഷം അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നവരെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച സേനാ കമാന്‍ഡറും ഒപ്പമുണ്ടായിരുന്നവരും വെടിയേറ്റു മരിച്ചു.

സിദ്ദീഖിയെ കൊന്ന് മൃതദേഹം വികൃതമാക്കിയതിലൂടെ ആഗോളതലത്തിലുള്ള യുദ്ധനിയമങ്ങളൊന്നും പാലിക്കാന്‍ ഒരുക്കമല്ലെന്ന സൂചനയാണു താലിബാന്‍ നല്‍കുന്നതെന്നു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സിദ്ദീഖിയെ വെടിവച്ചുകൊന്ന ശേഷം മൃതദേഹത്തോടു മോശമായി പെരുമാറിയെന്ന് അഫ്ഗാന്‍ സൈനിക കമാന്‍ഡര്‍ ഇന്ത്യന്‍ മാധ്യമത്തോടു നേരത്തേ വെളിപ്പെടുത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here