കുവൈത്ത് സിറ്റി: കുവൈറ്റിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 27നും പബ്ലിക് സ്‌കൂളുകള്‍ ഒക്ടോബര്‍ മൂന്നിനും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദാഫ് അറിയിച്ചു. ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കും പ്രവൃത്തി ദിവസം നേരത്തെ ആരംഭിക്കും. കിന്റർഗാർട്ടൻ, എലിമെന്ററി, മിഡിൽ സ്കൂളിൽ ജോലി ചെയ്യുന്നവർ സെപ്റ്റംബർ 19 ന് ജോലി ആരംഭിക്കും, ഹൈസ്കൂളിൽ ഉള്ളവർ സെപ്റ്റംബർ 26 ന് ആരംഭിക്കും.
ആരോഗ്യ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ, എല്ലാ സ്കൂളുകളിലും ഓരോ ക്ലാസിലെയും വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനും ഒരു ഹൈബ്രിഡ് മോഡൽ നടപ്പിലാക്കാനും ആവശ്യപ്പെടും.12 വയസ്സിന് മുകളിലുള്ള കുത്തിവയ്പ് എടുക്കാത്ത വിദ്യാർത്ഥികൾ എല്ലാ ഞായറാഴ്ചയും നെഗറ്റീവ് പിസിആർ ടെസ്റ്റ് ഹാജരാക്കേണ്ടതുണ്ട്. ഇതുവരെ ഒരു ഡോസ് ലഭിക്കാത്ത അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കും ഇതേ നിയമം ബാധകമാണ്.