ബെയ്ജിങ്: അഫ്ഗാനിസ്താനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നല്‍കുമെന്നും യുഎസിനോട് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
അഫ്ഗാനില്‍ നിന്ന് യുഎസ് സേനയുടെ പിന്‍മാറ്റത്തിനുള്ള സമയപരിധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെ അവിടുത്തെ സ്ഥിതിഗതികളും ഒഴിപ്പിക്കലും സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തത്.
അഫ്ഗാനിസ്താന് അടിയന്തിരമായി ആവശ്യമായ സാമ്പത്തിക, ഉപജീവനമാര്‍ഗവും മാനുഷിക സഹായവും നല്‍കാന്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. പുതിയ അഫ്ഗാന്‍ രാഷ്ട്രീയ ഘടന, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാധാരണ പ്രവര്‍ത്തനം നിലനിര്‍ത്തുക, സാമൂഹിക സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുക, കറന്‍സി മൂല്യത്തകര്‍ച്ച തടയുക, വിലക്കയറ്റം തടയുക, നേരത്തെമുതലുള്ള സമാധാനപരമായ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ തുടരുക തുടങ്ങിയ കാര്യങ്ങള്‍ക്കായി യുഎസും അന്താരാഷ്ട്ര സമൂഹവും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അഫ്ഗാനിസ്താന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിച്ചുകൊണ്ടുതന്നെ ഭീകരതയെയും അക്രമത്തെയും ചെറുക്കാന്‍ സഹായിക്കുന്നതിനുള്ള മൂര്‍ച്ചയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വാങ് പറഞ്ഞു.