തിരുവനന്തപുരം: നഗരസഭയിൽ കെട്ടിട –ഭൂനികുതി അടച്ച ഒരാൾക്കും പണം നഷ്ടപ്പെടില്ലെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം നഗരസഭയിലെ കെട്ടിട–ഭൂനികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് എം.വിൻസെന്റ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് മന്ത്രി കെ.രാധാകൃഷ്ണൻ മറുപടി നൽകി.
പരാതി ലഭിച്ചിട്ടും മാസങ്ങളോളം അന്വേഷിച്ചില്ല എന്ന ആരോപണം തെറ്റാണ്. വിവരം ശ്രദ്ധയിൽപ്പെട്ട ഉടനെ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. 4 ജീവനക്കാരെ അറസ്റ്റു ചെയ്തു. 13പേരെ സസ്പെൻഡ് ചെയ്തു. അഴിമതിക്കാരെ സംരക്ഷിക്കാതെ കടുത്ത നടപടികളെടുക്കും. നികുതി അടച്ചവരുടെ കയ്യിൽ റസീപ്റ്റ് ഇല്ലെങ്കിലും ഓഫിസ് റജിസ്റ്ററിൽ പേരുവിവരങ്ങൾ കാണുമെന്നും അതിനാൽ പണം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കു സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് എം.വിൻസെന്റ് പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കു മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ സർക്കാർ അവസരം കൊടുത്തു. മുന്‍കൂർ ജാമ്യം ലഭിക്കാത്തതിനെത്തുടർന്നാണ് ജീവനക്കാർ കീഴടങ്ങിയത്, അല്ലാതെ പൊലീസ് അറസ്റ്റു ചെയ്തതല്ല. അഴിമതിയുടെ കാര്യത്തിൽ ഇരട്ടച്ചങ്കുള്ള സർക്കാരാണിതെന്നും വിൻസെന്റ് പറഞ്ഞു.