ചെന്നൈ: സുപ്രീം കോടതി കൊളീജിയത്തിന്റെ സെപ്തംബര്‍ 16-ലെ ശുപാര്‍ശ പ്രകാരം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ രംഗത്ത്. പെട്ടെന്നുള്ള തീരുമാനത്തില്‍ വേദന പ്രകടിപ്പിച്ച് 230-ലധികം അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്കും കൊളീജിയത്തിലെ മറ്റ് നാല് അംഗങ്ങളായ യു.യു.ലളിത്, എ.എം.കണ്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, എല്‍ നാഗേശ്വര്‍ റാവു എന്നിവര്‍ക്കുമാണ് കത്തെഴുതിയത്.
കൊളീജിയം സെപ്റ്റംബര്‍ 16ന് നല്‍കിയ ശുപാര്‍ശ ചൊവ്വാഴ്ച മാത്രമാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമായത്. ഇത്രയും വൈകി ഇത് പ്രസിദ്ധീകരിച്ചത് സംശയമുണര്‍ത്തുന്നതാണെന്നും പ്രഗത്ഭനായ, ഭയമില്ലാത്ത ഒരു ജഡ്ജിയാണ് സഞ്ജീബ് ബാനര്‍ജി, അദ്ദേഹത്തെ മാറ്റാനുള്ള കാരണമറിയാനുള്ള അവകാശം ബാര്‍ അംഗങ്ങള്‍ക്കുണ്ടെന്നും കത്തില്‍ പറയുന്നു.