സോൾ: ഉത്തരകൊറിയയിൽ പത്തു ദിവസത്തേയ്ക്കു ജനങ്ങൾ ചിരിക്കുന്നത് നിരോധിച്ചു. രാജ്യത്തിന്റെ മുൻ ഭരണാധികാരിയും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇലിന്റെ പത്താം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് ഭരണകൂടത്തിന്റെ ഉത്തരവ്. ഡിസംബർ 17നാണ് കിം ജോങ് ഇലിന്റെ ചരമവാർഷികദിനം.
പത്തു ദിവസത്തെ ദുഃഖാചരണത്തോട് അനുബന്ധിച്ച് ഉത്തര കൊറിയക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളിൽ ഒന്നാണ് ചിരി നിരോധനം. നിരോധനം ലംഘിക്കുന്നവരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. മദ്യപാനം, മറ്റു വിനോദങ്ങളിൽ ഏർപ്പെടുന്നത് തുടങ്ങിയവയും നിരോധിച്ചിട്ടുണ്ടെന്ന് അതിർത്തി നഗരമായ സിനുയിജുവിലെ താമസക്കാരൻ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
കിം ജോങ് ഇലിന്റെ ജീവിതത്തെ അനുസ്മരിച്ച് നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹം പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം, അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ ‘കിംജോങ്ങിലിയ’യുടെ പ്രദർശനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു.