ന്യൂഡൽഹി: യുക്രെയ്‌നിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമായി. യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമാനിയ എന്നിവിടങ്ങളിൽ റോഡ് മാർഗമെത്തിച്ചശേഷം വിമാനമാർഗം ഇന്ത്യയിലേക്കു കൊണ്ടുവരാനാണ് തീരുമാനം. റജിസ്ട്രേഷന്‍ തുടങ്ങി. മലയാളികൾ ഉൾപ്പെടെ നിരവധിപേരാണ് യുക്രെയ്നില്‍ കുടുങ്ങിയത്. നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിതല സമിതി യോഗം ചേർന്നിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിർമല സീതാരാമൻ, എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തി. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമാനിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരെയും ജയശങ്കർ ഫോണിൽ വിളിച്ചു. രക്ഷാദൗത്യത്തിനായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഈ രാജ്യങ്ങളിലെത്തി.
അയൽരാജ്യങ്ങളിലേക്കു സുരക്ഷിതമായി എത്താനുള്ള വഴികൾ കണ്ടെത്തിയതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷ്‌വർധൻ ശൃംഗ്ല പറഞ്ഞു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വ്യോമസേനാ വിമാനങ്ങളെ നിയോഗിക്കുന്നതു പരിഗണനയിലുണ്ട്. യുക്രെയ്നിലെ വ്യോമപാത തുറന്നാലുടൻ സേനാ വിമാനങ്ങളെ അവിടേക്ക് അയയ്ക്കാനാണു നീക്കം.
യുക്രെയ്നിൽ പഠിക്കുന്ന ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികളിൽ ഭൂരിഭാഗവും അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യക്കാർ വീടുകളിൽത്തന്നെ കഴിയണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ അംബാസഡർ പാർഥ സത്പതി നിർദേശിച്ചു. കീവിലേക്കു പോകുന്നവർ താമസസ്ഥലങ്ങളിലേക്കു മടങ്ങണമെന്നും കഴിയുമെങ്കിൽ കൂടുതൽ സുരക്ഷിതമായ പടിഞ്ഞാറൻ മേഖലകളിലേക്കു നീങ്ങണമെന്നും എംബസി അറിയിച്ചു.