കലിഫോർണിയ: ക്രൂരമായ പൊലീസ് മർദനത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ട് യുഎസ്. എഡ്വേഡ് ബ്രോൺസ്റ്റീൻ (38) ആണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. 2020 മാർച്ചിൽനടന്ന സംഭവത്തിന്റെ വിഡിയോ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞദിവസം കോടതി നിർദേശിച്ചപ്പോഴാണു ദാരുണസംഭവം പുറംലോകം അറിഞ്ഞത്.
‘എനിക്കു ശ്വാസം മുട്ടുന്നു’ എന്നു 12 തവണ ബ്രോൺസ്റ്റീൻ പറയുന്നതു 16 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കേൾക്കാം. വംശീയ വിവേചനത്തിനെതിരായ ദേശീയ പ്രക്ഷോഭമായി മാറിയ ജോർജ് ഫ്ലോയ്‌ഡ് (46) വധക്കേസിന് രണ്ടു മാസം മുൻപായിരുന്നു ഈ സംഭവം. ബ്രോൺസ്റ്റീന്റെ മരണത്തിൽ 9 പൊലീസുകാർക്കെതിരെ കുടുംബം ലൊസാഞ്ചലസ് കൗണ്ടി ഡിസ്ട്രിക് അറ്റോർണി മുൻപാകെ ഹർജി നൽകി. പൊലീസ് അതിക്രമത്തിന്റെ വിഡിയോ പുറത്തുവിടാൻ തയാറായതിൽ കോടതിയോടു നന്ദിയുണ്ടെന്നു ബ്രോൺസ്റ്റീന്റെ മകൾ ബ്രയാന പലോമിനോ (22) പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിങ് ആരോപിച്ചു കലിഫോർണിയ ഹൈവേ പൊലീസാണു ബ്രോൺസ്റ്റീനെ തടഞ്ഞത്. കസ്റ്റഡിയിലെടുത്തു സ്റ്റേഷനിൽ എത്തിച്ച് ബലമായി രക്തസാംപിൾ എടുക്കാൻ ശ്രമിച്ചു. ഇതിനെ എതിർത്തപ്പോഴാണ് പൊലീസ് ബ്രോൺസ്റ്റീനെ അക്രമിച്ചത് എന്നാണ് റിപ്പോർട്ട്.
നിലത്തേക്കു വീഴ്ത്തുകയും ചവിട്ടുകയും ചെയ്തെന്നാണു ആരോപണം. ഗുരുതരാവസ്ഥയിലായ ബ്രോൺസ്റ്റീനെ രക്ഷിക്കാൻ ഡോക്ടർ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. സമാനമായ ആക്രമണമാണു ഫ്ലോയ്ഡിനെ നേരെയുമുണ്ടായത്. 2020 മേയിൽ യുഎസിലെ മിനിയപ്പലിസ് നഗരത്തിൽ ജോർജ് ഫ്ലോയിഡിനെ വിലങ്ങുവച്ചു നിലത്തുവീഴ്ത്തി കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. കേസിൽ മുൻ പൊലീസ് ഓഫിസർ ഡെറക് ഷോവിനു (45) 22.5 വർഷം തടവുശിക്ഷ വിധിച്ചു. പൊലീസ് ഓഫിസർ ശ്വാസം മുട്ടിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അണപൊട്ടിയ രോഷം പ്രക്ഷോഭമായി യുഎസിൽ വളർന്നു, ലോകരാജ്യങ്ങളും ഇതേറ്റെടുത്തു. പൊതുനിരത്തിൽ ഒൻപതു മിനിറ്റിലേറെ കഴുത്തിൽ കാൽമുട്ട് അമർത്തി ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ച ക്രൂരത കണ്ടുനിന്നവരിലൊരാളാണു മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയത്. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന് ഫ്ലോയ്ഡ് പലവട്ടം പറയുന്നതു വിഡിയോയിൽ കേൾക്കാമായിരുന്നു.