gnn24x7

പ്രമേഹമില്ലെങ്കിലും രക്തത്തില്‍ പഞ്ചസാര ഉയരാം; കാരണങ്ങള്‍ ഇവ

0
230
gnn24x7

ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹ ബാധിതരില്‍ രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇടയ്ക്കിടെ പരിശോധന നടത്തി ഈ തോത് നിയന്ത്രിച്ച് നിര്‍ത്തേണ്ടത് പ്രമേഹ രോഗചികിത്സയില്‍ അത്യാവശ്യമാണ് താനും. എന്നാല്‍ പ്രമേഹമല്ലാത്ത  കാരണങ്ങള്‍ കൊണ്ടും ചിലരുടെ ശരീരത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിക്കാറുണ്ട്. ഇത്തരത്തില്‍ ഇടയ്ക്കിടെ പഞ്ചസാരയുടെ തോതുയരുന്നത് ശരീരത്തില്‍ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയും കണ്ണുകള്‍, വൃക്കകള്‍ അടക്കമുള്ള അവയവങ്ങള്‍ക്ക് തകരാറുണ്ടാക്കുകയും ചെയ്യും.

ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യതയും ഇത് വര്‍ധിപ്പിക്കും. ഫാസ്റ്റിങ് ബ്ലഡ് ഷുഗര്‍ 100-125 mg/dl ആകുന്നതും ഭക്ഷണത്തിന് ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം 180 mg/dl ന് മുകളില്‍ പോകുന്നതും രക്തത്തിലെ പഞ്ചസാര അധികമാകുന്ന ഹൈപ്പര്‍ ഗ്ലൈസീമിയ ആയി പരിഗണിക്കാം. ഇതിന്‍റെ പ്രമേഹം അല്ലാത്ത കാരണങ്ങള്‍ ഇനി പറയുന്നവയാകാം. 

പ്രത്യുത്പാദനക്ഷമമായ പ്രായത്തില്‍ സ്ത്രീകളില്‍ ഹോര്‍മോൺ  വ്യതിയാനങ്ങള്‍ സൃഷ്ടിക്കാന്‍ പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോമിന് സാധിക്കുന്നു. ടെസ്റ്റോസ്റ്റെറോണ്‍, ഇന്‍സുലിന്‍, സൈറ്റോകീന്‍ എന്നിവയുടെ ഉയര്‍ന്ന ഉത്പാദനത്തിലേക്ക് ഇത് നയിക്കാം. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം മൂലമുണ്ടാകുന്ന ഇന്‍സുലിന്‍ പ്രതിരോധം മൂലം രക്തത്തിലെ ഗ്ലൂക്കോസ് എല്ലാം ഊര്‍ജ്ജമാക്കി മാറ്റാന്‍ ശരീരത്തിന് സാധിക്കില്ല. 

2. സമ്മര്‍ദം
അനിയന്ത്രിതമായ സമ്മര്‍ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ പോലുള്ള ഹോര്‍മോണുകളുടെ തോതുയര്‍ത്തും. ഇതും രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിപ്പിക്കാവുന്നതാണ്. 

3. അണുബാധ
ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള അണുബാധയുണ്ടാകുമ്പോഴും  കോര്‍ട്ടിസോള്‍ സമ്മര്‍ദ ഹോര്‍മോണ്‍ ഉയരും. ഇത് രക്തത്തില്‍ നിന്ന് അധികമുള്ള ഗ്ലൂക്കോസ് വലിച്ചെടുക്കുന്നതിനുള്ള ഇന്‍സുലിന്‍റെ കഴിവിനെ തടഞ്ഞ് പഞ്ചസാരയുടെ തോത് ഉയര്‍ത്തുന്നു. 

4. മരുന്നുകള്‍
ഡോപ്പമിന്‍, നോര്‍പൈന്‍ഫ്രൈന്‍, ടാക്രോലിമസ്, സൈക്ലോസ്പോറിന്‍, കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകള്‍ പോലുള്ള ചില മരുന്നുകളും ചില രസങ്ങളെ ഉത്തേജിപ്പിച്ച് ശരീരത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തി നിര്‍ത്തും. ശരീരം ഗ്ലൂക്കോസ് ഉപയോഗിച്ച് ഊര്‍ജ്ജം ശരിയായ തോതില്‍ ഉത്പാദിപ്പിക്കാത്തതിനാല്‍ എപ്പോഴും ക്ഷീണം തോന്നാനും സാധ്യതയുണ്ട്. 

5. അമിതവണ്ണം
ശരീരത്തില്‍ അമിതമായ തോതില്‍ കൊഴുപ്പ് ഉള്ളത് ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിക്കും. രക്തത്തില്‍ നിന്ന് ഗ്ലൂക്കോസ് നീക്കം ചെയ്ത് ഊര്‍ജ്ജോത്പാദനം നടത്താന്‍ ഇത് തടസ്സമാകും. 

അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍, മങ്ങിയ കാഴ്ച, മനംമറിച്ചില്‍, ഛര്‍ദ്ദി, വയര്‍ വേദന, ക്ഷീണം, തലവേദന എന്നിവയെല്ലാം പ്രമേഹ ഇതര ഹൈപ്പര്‍ഗ്ലൈസീമിയയുടെ ലക്ഷണങ്ങളാണ്. അനാരോഗ്യകരമായ ജീവിതശൈലി ഇതിന്‍റെ ഒരു മുഖ്യകാരണമാണ്. മോശം ആഹാരക്രമവും  സമയം തെറ്റിയ ആഹാരശീലങ്ങളും ശാരീരിക അധ്വാനത്തിന്‍റെ അഭാവവും ഹൈപ്പര്‍ഗ്ലൈസീമിയയില്‍ മുഖ്യസംഭാവന നല്‍കുന്നു. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദം തുടങ്ങിയവയും കാര്യങ്ങള്‍ വഷളാക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും ഒരുപരിധി വരെ ഹൈപ്പര്‍ഗ്ലൈസീമിയ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here