ന്യൂഡൽഹി: സുകാഷ് ചന്ദ്രശേഖറിന്റെ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ജാക്വിലിനു വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകേഷ് നൽകിയ 15 ലക്ഷം രൂപയുമാണ് ഇഡി കണ്ടുകെട്ടിയതെന്നാണ് വിവരം.
സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽനിന്ന് ഏതാണ്ട് 5.71 കോടി രൂപ വിലമതിക്കുന്ന നിരവധി സമ്മാനങ്ങൾ സുകാഷ് ചന്ദ്രശേഖർ ജാക്വിലിന് നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ തെളിഞ്ഞതായി ഇഡി അറിയിച്ചു. വർഷങ്ങളായി സുകേഷിന്റെ അസോസിയേറ്റും കേസിലെ മറ്റൊരു കുറ്റാരോപിതയുമായ പിങ്കി ഇറാനിയുടെ കൈവശമാണ് ഈ സമ്മാനങ്ങൾ കൊടുത്തയച്ചത്.
ജാക്വിലിനു മാത്രമല്ല, അവരുടെ ബന്ധുക്കൾക്കും വലിയ തുകകൾ കൈമാറിയിട്ടുണ്ടെന്നും ഇഡി അറിയിച്ചു. രാജ്യാന്തര തലത്തിൽ ഹവാല ഇടപാടുകൾ നടത്തുന്ന കൂട്ടുപ്രതി അവതാർ സിങ് മുഖേനയാണ് ഈ പണം ഏൽപ്പിച്ചതെന്നും ഇഡി പറയുന്നു. ജാക്വിലിന്റെ വെബ് സീരീസിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ ഒരു തിരക്കഥാകൃത്തിനു നൽകിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തി.

































