ന്യൂഡൽഹി: ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ‘കാർഡ് ടോക്കണൈസേഷൻ’ രീതി ജൂൺ 30ന് പ്രാബല്യത്തിൽ വരും. ജനുവരി ഒന്നിനു നടപ്പാക്കേണ്ടിയിരുന്ന സംവിധാനം കമ്പനികൾ സാങ്കേതികതടസ്സം ചൂണ്ടിക്കാട്ടിയതോടെയാണ് ജൂണിലേക്കു നീട്ടിയത്.
ടോക്കണൈസേഷൻ രീതിയിലേക്ക് മാറാൻ പല കമ്പനികളും പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സമയം നീട്ടിക്കൊടുത്തെങ്കിലും പല കമ്പനികളും ഇപ്പോഴും സജ്ജമായിട്ടില്ല. പുതിയ രീതി നടപ്പായാൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നൽകിയ ബാങ്കിനും കാർഡ് നെറ്റ്‍വർക്കിനുമല്ലാതെ രാജ്യത്ത് മറ്റൊരു സ്ഥാപനത്തിനോ ശൃംഖലയ്ക്കോ വിവരം സൂക്ഷിച്ചുവയ്ക്കാനാവില്ല.
ഇ–കൊമേഴ്സ് വെബ്സൈറ്റുകളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന കാർഡ് വിവരങ്ങൾ ചോരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നിയന്ത്രണം. പണമിടപാടിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിലെ യഥാർഥ വിവരങ്ങൾ നൽകുന്നതിനു പകരം ഒരു ടോക്കൺ ഉപയോഗിക്കുന്നതാണ് രീതി. യഥാർഥ കാർഡ് വിവരങ്ങൾക്കു പകരം ഈ ടോക്കണായിരിക്കും സൈറ്റുകൾക്ക് ലഭിക്കുക.ഓരോ വെബ്സൈറ്റിലും ഒരേ കാർഡിന് പല ടോക്കണുകളായിരിക്കും. ഇതുമൂലം ഏതെങ്കിലും ഒരു സൈറ്റിൽ വിവരചോർച്ചയുണ്ടായാലും അപകടസാധ്യതയില്ല.







































