gnn24x7

രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നഗ്മ

0
405
gnn24x7

രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ. കോൺഗ്രസിൽ ചേർന്നപ്പോൾ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് നഗ്മ പറയുന്നു. തനിക്കെന്ത് കൊണ്ട് അർഹതയില്ലെന്നും, കാത്തിരിക്കാൻ തുടങ്ങിയിട്ട് 18 വർഷമായെന്നും നഗ്മ തുറന്നടിക്കുന്നു. രാജ്യസഭ സീറ്റ് കിട്ടാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രതിഷേധം അറിയിച്ചിരുന്നു. 

”2003-04 വർഷത്തിൽ ഞാൻ കോൺഗ്രസിൽ ചേർന്നപ്പോൾ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വർഷങ്ങളുൾപ്പടെ, ഇപ്പോൾ 18 വർഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?”, നഗ്മ പുറത്തുവിട്ട ട്വീറ്റിൽ ചോദിക്കുന്നു. 

പത്ത് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇന്നലെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദിനും, ആനന്ദ് ശർമ്മക്കും സീറ്റില്ല. എന്നാൽ മറ്റൊരു നേതാവായ മുകുൾ വാസ്നിക്കിന് രാജസ്ഥാനിൽ നിന്ന് സീറ്റ് നൽകിയിട്ടുണ്ട്. പി ചിദംബരം തമിഴ്നാട്ടിൽ നിന്നും, ജയ്റാം രമേശ് കർണ്ണാടകത്തിൽ നിന്നും രാജ്യസഭയിലെത്തും. രൺദീപ് സിംഗ് സുർ ജേവാല, രാജീവ് ശുക്ല തുടങ്ങിയ വിശ്വസ്തർക്കും നേതൃത്വം സീറ്റ് നൽകിയിട്ടുണ്ട്. അജയ് മാക്കൻ, രൺജീത് രഞ്ജൻ, വിവേക് തൻഖാ, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർക്കും സീറ്റ് നൽകിയിട്ടുണ്ട്.

ഇതിൽ ഉത്തർപ്രദേശിൽ നിന്നുള്ള നേതാവായ ഇമ്രാൻ പ്രതാപ് ഗഡിയുടെ സീറ്റിലാണ് നഗ്മയുടെ പ്രതിഷേധം. മഹാരാഷ്ട്രയിൽ നിന്നാണ് ഇമ്രാന് സീറ്റ് നൽകിയിരിക്കുന്നത്. ‘എന്‍റെ തപസ്യയിൽ എന്തെങ്കിലും കുറവുണ്ടായിരുന്നിരിക്കണം’, എന്ന് പ്രതിഷേധക്കുറിപ്പ് ട്വിറ്ററിലെഴുതിയ പവൻ ഖേരയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് നഗ്മ ഇങ്ങനെ എഴുതി. ‘എന്‍റെ 18 വർഷത്തെ തപസ്യ ഇമ്രാൻ ഭായ്ക്ക് മുന്നിൽ തകർന്ന് വീണു’. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here