വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്ക്. 44 ബില്യൺ ഡോളറിന്റെ കരാറിൽ നിന്ന് പിന്മാറുമെന്നാണ് മസ്‌കിന്റെ ഭീഷണി.
തിങ്കളാഴ്ചയാണ് ഇത് പരാമർശിച്ചുകൊണ്ടുള്ള കത്ത് മസ്‌ക് നൽകിയത്. ട്വിറ്റർ ലയന കരാർ ലംഘിക്കുകയാണെന്നും ബാധ്യതകളുടെ വ്യക്തമായ ലംഘനം ആണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും മസ്‌ക് കത്തിൽ പറയുന്നു. ഇനിയും വ്യാജ അക്കൗണ്ടുകളുടെ എണ്ണം കൃത്യമായി നൽകിയില്ലെങ്കിൽ ട്വിറ്റർ ഏറ്റെടുക്കുന്ന കരാറിൽ നിന്നും പിന്മാറുമെന്നാണ് മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്.
വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകാത്തതിന്റെ പേരിൽ താത്കാലികമായി ട്വിറ്റർ വാങ്ങാനുള്ള കരാർ നിർത്തി വെക്കുകയാണെന്നു മസ്‌ക് മുൻപ് തന്നെ വ്യക്തമായിരുന്നു. താത്കാലികമായി കരാർ നിർത്തിവെച്ചുകൊണ്ടുള്ള മസ്‌കിന്റെ മുന്നറിയിപ്പിനെ ട്വിറ്റർ നിസ്സാരവത്കരിച്ചിരുന്നു.
എന്നാൽ ഇപ്പോഴത്തെ മസ്‌കിന്റെ മുന്നറിയിപ്പിനോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. താത്കാലികമായി ട്വിറ്റർ ഏറ്റെടുക്കൽ നിർത്തി വെച്ചിട്ടും ലയന കരാറിന് കീഴിലുള്ള ബാധ്യതകൾ കൈമാറാൻ ട്വിറ്റർ വിസമ്മതിക്കുന്നുണ്ടെങ്കിൽ അത് സംശയം ജനിപ്പിക്കുന്ന നടപടിയാണെന്ന് മസ്‌ക് വ്യക്തമാക്കി.