കൊച്ചി: പാലക്കാട് കസബ പോലീസ് എടുത്ത കലാപശ്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായ 164 മൊഴിയ്ക്ക് പിന്നാലെയാണ് കസബ പോലീസ് കലാപാഹ്വാന ശ്രമം,വ്യാജരേഖ ചമക്കൽ ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തത്. എന്നാൽ തനിക്കെതിരായ ഒരു വകുപ്പും നിലനിൽക്കുന്നതല്ലെന്നും കേസ് രഹസ്യമൊഴി നൽകിയതിലുള്ള വിരോധമാണെന്നും ഹർജിയിൽ പറയുന്നു. നേരത്തെ കന്‍റോൺമെന്‍റ് പോലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കാനും സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹർജികളും ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി. സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസിൽ നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി നാളെയാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത്.