തിരുവനന്തപുരം : വയനാട് എം പി രാഹുൽഗാന്ധിയുടെ കൽപറ്റ ഓഫിസിൽ എസ് എഫ് ഐ ആക്രമണവുമായി ബന്ധപ്പെട്ട് മഹാത്മ ഗാന്ധിയുടെ ഫോട്ടോ തകർത്തത് എസ് എഫ് ഐ അല്ലെന്ന് പൊലീസ് റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി. എസ് എഫ് ഐ പ്രവർത്തകരുടെ അക്രമം ഉണ്ടായ ശേഷം അവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കി വയനാട് എസ് പി നൽകിയ റിപ്പോർട്ട് ആണ് മുഖ്യമന്ത്രി സബ്മിഷന് മറുപടിയായി നൽകിയത്.
പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴി അനുസരിച്ച് 3.59ന് , എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് എടുത്ത ഫോട്ടോയിൽ ഗാന്ധി ചിത്രം ചുമരിലുണ്ട്. പൊലീസ് ഫോട്ടോ ഗ്രാഫർ 4.0ന് എടുത്ത ഫോട്ടോ ഇത് വ്യക്തമാക്കുന്നുണ്ട്. എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റിയശേഷം അവിടേക്ക് കോൺഗ്രസ് , യു ഡി എഫ് പ്രവർത്തകരെത്തിയിരുന്നു. അതിനുശേഷം 4.29ന് വീണ്ടും അതേ മുറിയിലെത്തുമ്പോൾ ഗാന്ധി ചിത്രം നിലത്ത് കിടക്കുന്നത് കണ്ട് ഫോട്ടോഗ്രാഫർ ആ ഫോട്ടോയും എടുത്തു. ആ സമയം ചിത്രം കമഴ്ന്ന നിലയിലാണ്. ചില ദൃശ്യങ്ങളും ഇത് സാധൂകരിക്കുന്നുണ്ടെന്ന് പൊലീസ് നൽകിയ റിപ്പോർട്ടിൽ ഉണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതേക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു
രാഹുൽ ഗാന്ധി എം പിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട് ഗാന്ധി ഫോട്ടോ തകർത്ത സംഭവം വി.ജോയ് എം എൽ എ ആണ് സഭയിൽ സബ്മിഷൻ ആയി ഉന്നയിച്ചത്. അതേസമയം കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കുന്ന പൊലീസ് റിപ്പോർട്ട് സഭയിൽ വായിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധത്തിനൊന്നും മുതിർന്നില്ലെന്നതും ശ്രദ്ധേയമായി.