gnn24x7

വിസ്മയങ്ങളുടെ മാന്ത്രിക ചെപ്പ് തുറന്ന്, നവചരിതം രചിച്ച് IFA പൊന്നോണം 23 ദ്രോഗഡയിൽ അരങ്ങേറി

0
335
gnn24x7

ദ്രോഗഡ: ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും ഓണത്തിന്റ ഗൃഹാതുര സ്മരണകൾ എന്നും മനസ്സിൽ കൊണ്ടുനടക്കുന്ന പ്രവാസി മലയാളികൾക്ക് ഈ പൊന്നിൻ ചിങ്ങ മാസത്തിൽ ഹൃദ്യമായ ആഘോഷ വിരുന്നൊരുക്കി IFA.

ദ്രോഗഡ ടെര്‍മൊൻഫെക്കിനിൽ സെപ്റ്റംബർ രണ്ടാം തിയതി നടന്ന പൊന്നോണം 23ൽ പങ്കെടുത്ത എണ്ണൂറിൽ പരം കാണികൾക്ക് അതിരുകളില്ലാത്ത വർണ്ണകാഴ്ചകളാണ് IFA ഒരുക്കിയത്. മേളക്കൊഴുപ്പിന്റെ ചാരുത ഒട്ടും നഷ്ടപ്പെടാതെ ഡ്യൂ ഡ്രോപ്‌സ് ടീം അവതരിപ്പിച്ച ചെണ്ടമേളവും, പുൽക്കൊടി നാമ്പുകളെ പോലും പുളകമണിയിച്ച ഇന്ത്യൻ ഫാമിലി അസോസിയേഷൻ കൂട്ടായ്മയിലെ വനിതകൾ അണിനിരന്ന മെഗാ തിരുവാതിരയും, പ്രൊഫഷണൽ ചടുല നൃത്തത്തിന്റെ  അവസാന വാക്കായ നൃത്തസംഘം ‘ഡാൻസിംഗ് ഡൈനമൈറ്റ്സ്’ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും കാണികൾക്ക് വേറിട്ട ഹൃദ്യാനുഭവമായി. വിശിഷ്ടാതിഥികളായി എത്തിയ ലൗത് കൗണ്ടി മേയർ എയ്‌ലീൻ ടുള്ളി, ഗാർഡ ചീഫ് ആൻഡ്രു  വാട്ടേഴ്സ് എന്നിവർ മാവേലിയോടും പുലികളിയോടുമൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നു.

IFAയെ പ്രധിനിധീകരിച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിലാഷ് ജോർജ് സ്വാഗത പ്രസംഗത്തിനൊപ്പം IFAയുടെ പ്രവർത്തനോദ്ദേശത്തെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് സാൻഡി മനോജ് അധ്യക്ഷത വഹിച്ച IFA ഔദ്യോഗിക ഉൽഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളും IFA ഭാരവാഹികളും ചേർന്ന് ഭദ്രദീപം തെളിച്ചു. ചടങ്ങിൽ IFA സെക്രട്ടറി റോബിൻ ജോസഫ് നന്ദി പ്രകാശനം നടത്തി സംസാരിച്ചു. കുടുംബ സദസ്സിനുവേണ്ടി തയ്യാറാക്കിയ ആവേശകരമായ പ്രത്യേക മത്സരങ്ങൾ പ്രേക്ഷകർക്ക് നൂതനവും വ്യത്യസ്തവുമായ അനുഭവമായി. ദ്രോഗഡയുടെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത ജനസഞ്ചയത്തിനുവേണ്ടി രുചിയേറും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷ രാവിലേക്ക് അതിസ്വാദിഷ്ടമായ കപ്പ ബിരിയാണിയും എല്ലാവർക്കും തയ്യാറാക്കിയിരുന്നതിനാൽ IFA പൊന്നോണം 23ൽ പങ്കെടുത്ത  പ്രായ ഭേദമെന്യെ ഏവരുടെയും വയറും മനസും നിറഞ്ഞ ആഘോഷമായി പര്യവസാനിച്ചു. ആദ്യാന്ത്യം സമയക്രമം തെറ്റാതെയും രസച്ചരട് പൊട്ടാതെയും IFA കുടുംബത്തിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും, ശാസ്ത്രീയ നൃത്തങ്ങളും ശ്രാവ്യ നയനാനന്തകരമായി വേദിയിൽ അരങ്ങേറി.

അവസാനമായി ആഘോഷ രാവിന് തിരശീല ഇടാൻ, ആഘോഷാരവം കൊടുംപിരി കൊള്ളിച്ചു കൊണ്ട് DJ കാർത്തിക്കും DJ ഗാർഗിയും ചേർന്ന് അവതരിപ്പിച്ച DJ നൈറ്റ് ഏവരെയും ത്രസിപ്പിക്കുന്നതായിരുന്നു.
                          അക്ഷരാർത്ഥത്തിൽ ചരിത്ര വിജയമായി മാറിയ ദ്രോഗടയിലെ ഈ വർഷത്തെ ഓണം IFA യുടെ ചിട്ടയായ പ്രവർത്തനത്തിനുള്ള തിലക കുറിയായി മാറുകയാണ്. സംഘാടകരെ പോലും അത്ഭുതപ്പെടുത്തും വിധം ആവേശകടലായി മാറിയ അഭൂതപൂർവമായ കാണികളുടെ സഹകരണത്തിനും പങ്കാളിത്തത്തിനും IFA സംഘാടകർ നന്ദി അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7