പാലാ: ആതിഥ്യമര്യാദ കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ മാർ സ്ലീവാ മെഡിസിറ്റി പാലായെ ലോകനിലവാരത്തിൽ ഉയർത്തുകയാണ് ലക്ഷ്യമെന്ന് പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയുടെ നാലാം വാർഷിക ആഘോഷവും ആശുപത്രി ദിനാചരണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ആതുര സേവന രംഗത്ത് അന്താരാഷ്ട്രാ ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കി 2018ൽ ആണ് മാർ സ്ലീവാ മെഡിസിറ്റി പാലാ പ്രവർത്തനം തുടങ്ങിയത്. അഞ്ചാം വർഷത്തിലേക്കു പ്രവേശിച്ചതിന്റെ ഭാഗമായി പുതിയതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് കർമ്മ പദ്ധതികളുടെ പ്രഖ്യാപനവും അഭിവന്ദ്യ ബിഷപ് നിർവഹിച്ചു.
എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ നേടിയ ആശുപത്രിയിൽ നാലാം വാർഷികത്തിന്റെ ഭാഗമായി 4.0 എന്ന പേരിൽ പ്രഖ്യാപിച്ച 18 ഇന കർമ്മ പരിപാടികൾ മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിൽ ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചത് അഭിമാനകരമായ നേട്ടമായെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.
45 ചികിത്സ വിഭാഗങ്ങളും 200 ൽ പരം വിദഗ്ധ ഡോക്ടർമാരും ഉള്ള ആശുപത്രിയിൽ 4 വർഷത്തിനുള്ളിൽ 12 ലക്ഷത്തോളം കൺസൾട്ടേഷൻ സേവനങ്ങൾ നടത്തിയത് കൂടാതെ , 2000 ൽ അധികം മുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ, 26 വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ, മൂന്നര ലക്ഷത്തോളം റേഡിയോളജി പഠനങ്ങൾ എന്നിവയും വിജയകരമായി പൂർത്തിയാക്കി. 650 കിടക്കക്കുള്ള ആശുപത്രിയിൽ 23 സൂപ്പർ സ്പെഷ്യാലിറ്റികളും,19 സ്പെഷ്യാലിറ്റികളും പ്രവർത്തിച്ചു വരുന്നു.
വാർഷിക, ഓണാഘോഷ പരിപാടികളുടെ ഭാഗമായി ജീവനക്കാർക്കായി നടത്തിയ വിവിധ കലാ, കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ചടങ്ങിൽ നടത്തി. ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ടസ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ പ്രസംഗിച്ചു. ആശുപത്രി ഫിനാൻസ്, മെറ്റീരിയൽസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഡയറക്ടർ റവ.ഡോ.ഇമ്മാനുവൽ പാറേക്കാട്ട്, ആശുപത്രി ആയുർവേദ, ഹോമിയോപ്പതി, നാച്ചുറോപ്പതി ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവർ പങ്കെടുത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb