gnn24x7

    കേട്ടതും കണ്ടതും

    0
    743
    gnn24x7

    കേരള ചീഫ് സെക്രട്ടറിയുടെ പദവിയിൽ നിന്ന് ഡോ. വി. വേണു ഈ മാസം 31ന് വിരമിക്കയാണ്. അദ്ദേഹത്തിന്റെ പദവി ഏറ്റെടുക്കുന്നതാകട്ടെ, പ്രിയ പത്നി ശ്രീമതി ശാരദ മുരളീധരനും. ഇതൊരു അപൂർവ്വമായ സന്ദർഭമാണ്. കേരള ചരിത്രത്തിൽ ഇത്തരത്തിലൊന്നു നടന്നിട്ടുണ്ടോ എന്നറിയില്ല. ഇല്ലെന്നു തന്നെയാണ് എൻ്റെ അറിവ്. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം കണ്ടിട്ടുള്ള ഏറ്റവും പ്രൊഫഷണൽ ആയ ലീഡറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന്. മുഖ്യമന്ത്രിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് വെറുമൊരു പുകഴ്ത്തലാകാൻ സാധ്യതയില്ല, അനുഭവമായിരിക്കാം.

    ഈ ചെറിയ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത് മുകളിൽ സൂചിപ്പിച്ച കാര്യമല്ല. കേരളത്തെ ഒരു ടൂറിസ്റ്റ് ഫ്രണ്ട്ലി നാടാക്കി മാറ്റാൻ അദ്ദേഹം പ്രവർത്തിച്ചതിൻ്റെ മാറ്റളന്നുമല്ല. ലോക ടൂറിസം മേഖലയിൽ ഒരാൾ തീർച്ചയായും കണ്ടിരിക്കേണ്ട 50 ഇടങ്ങളിൽ ഒന്നായി National Geographic Traveller കേരളത്തെ തെരഞ്ഞെടുത്തപ്പോൾ അതിന്റെ അമരസ്ഥാനത്ത് അദ്ദേഹം ആയിരുന്നതു കൊണ്ടുമല്ല. ഒരു തിയേറ്റർ ആക്ട്‌ർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അഭിരുചിയെ പ്രകീർത്തിക്കുന്നതു കൊണ്ടുമല്ല. പിന്നെയോ, അഭിമുഖത്തിൽ വന്ന മറ്റൊരു ചോദ്യത്തിനുള്ള മറുപടിയാണ് എന്നെ സന്തോഷിപ്പിച്ചതും ഇതെഴുതാൻ പ്രേരിപ്പിച്ചതും.

    ചോദ്യമിതാണ്, ഭാര്യക്ക് ഈ പദവി കൈമാറി വിടവാങ്ങുമ്പോൾ നൽകാനുള്ള ഉപദേശമെന്താണ്?

    “എന്നെക്കാൾ കൂടുതൽ അനുഭവ പരിചയമുള്ള ഒരാളാണ് ചീഫ് സെക്രട്ടറി പദവിയിലേക്കു വരുന്നത്. മന്ത്രിസഭാ യോഗത്തിന്റെ നടപടിക്രമങ്ങൾ ഒരു യോഗം കഴിയുമ്പോൾ ശാരദ പഠിക്കും”.

    പുരുഷമേധാവിത്തം പല മേഖലകളിലും കോലം കെട്ടിയാടുമ്പോഴാണ് ഇത്തരത്തിലൊരു മറുപടി നാം കേൾക്കുന്നത്. ഭാര്യയെ ഒരു പടി മുകളിൽ പ്രതിഷ്‌ഠിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഭാര്യ ആയാലും ഏതൊരു സ്ത്രീ ആയാലും അവരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരു പുരുഷൻ യഥാർത്ഥ ചങ്ങാതി ആകുന്നത്.

    വിരമിച്ചു കഴിഞ്ഞ് താങ്കൾ ഇഷ്‌ടപ്പെട്ട രംഗങ്ങളിൽ ക്രിയാത്മകമായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു. 

    – രാജൻ ദേവസ്യ വയലുങ്കൽ

    GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

    https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

    gnn24x7