വയനാട്: ഉരുള്‍പൊട്ടലില്‍ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിക്ക് താങ്ങായി സ്വന്തം സുഹൃത്തുകൂടിയായ ജെൻസൺ ജീവിതത്തിലേയ്ക്ക് എത്തിയത് ദുരന്ത മുഖത്തെ പ്രതീക്ഷയുടെ ഒരു വാർത്തയായിരുന്നു. ജെൻസൻ്റെ അപകട വിവരം പുറത്ത് വന്നതോടെ ഇരുവരെയും ഒരിക്കലെങ്കിലും വാർത്തകളിലൂടെ അറിഞ്ഞവർ ആശ്വാസം പകരുന്ന വിവരങ്ങൾ പുറത്തുവരാൻ ആഗ്രഹിച്ചിരുന്നിരിക്കാം. എന്നാൽ, പ്രാർത്ഥനകളെയെല്ലാം വിഫലമാക്കിക്കൊണ്ട് ജെൻസൻ്റെ മരണവാർത്തയാണ് രാത്രിയോടെ പുറത്തുവന്നത്. ചൊവ്വാഴ്ച്ച വൈകുന്നേരം വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെന്‍സണ് പരിക്കേറ്റത്.
ഉരുൾപൊട്ടൽ ദുരിതത്തിൽ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിയ്ക്ക് നഷ്ടപ്പെട്ടത്. ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. അഛന്‍റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരാണ് ശ്രുതിക്ക് ആ ഒറ്റ രാത്രിയില്‍ എന്നന്നേയ്ക്കുമായി നഷ്ടമായത്. ഒറ്റ രാത്രി കൊണ്ട് ജീവിതത്തില്‍ നിന്നും ഒറ്റപ്പെട്ട് പോയ ശ്രുതിക്ക് താങ്ങായി എത്തിയത് സ്കൂൾ കാലം മുതലുള്ള സുഹൃത്തായ ജെന്‍സണ്‍.
ജെൻസൻറെ മൃതദേഹം രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് സംസ്കാരം. അമ്പലവയലിലെ ആണ്ടൂരിലാണ് പൊതുദർശനം. ജനപ്രതിനിധികളുൾപ്പെടെയുള്ള വൻജനാവലി പങ്കെടുക്കും.
അതേസമയം, ശ്രുതിയോടൊപ്പം ഈ നാട് തന്നെയുണ്ടെന്നും വെല്ലുവിളികൾ അതിജീവിക്കാൻ ശ്രുതിയ്ക്കാവട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































