gnn24x7

ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങി അമേരിക്ക

0
253
gnn24x7

ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങി അമേരിക്ക. ചന്ദ്രനിലുള്‍പ്പെടെ ഛിന്നഗ്രഹങ്ങളില്‍ ഖനനം ചെയ്യാന്‍ അമേരിക്കയിലെ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന എക്‌സിക്യൂട്ടിവ് ഓര്‍ഡറിലാണ് ട്രംപ് ഒപ്പു വെച്ചിരിക്കുന്നത്. ബഹിരാകാശം മാനവികതയുടെ മുഴുവന്‍ ആണെന്ന ആഗോള നയത്തിനെതിരായാണ് ട്രംപ് ഇറക്കിയ ഉത്തരവ്.

ബഹിരാകാശ വിഭവങ്ങളെ കണ്ടെത്താനും ഉപയോഗിക്കുന്നതിന് ആഗോള തല പിന്തുണ തേടുന്നതാണ് ഓര്‍ഡര്‍. ബഹിരാകാശത്തെ എല്ലാവരും സമമായി കാണുന്ന 1979 ലെ യു.എന്‍ കൊണ്ടു വന്ന മൂണ്‍ അഗ്രിമെന്റ് 18 രാജ്യങ്ങള്‍ അംഗീകരിച്ചതാണ്. യുഎന്നിന്റെ നിയമ പ്രകാരം മാനവികതയ്ക്ക് മുഴുവനും ഉപകാരപ്പെടാന്‍ വേണ്ടിയാണ് ബഹിരാകാശ പരീക്ഷണങ്ങള്‍ നടത്തേണ്ടത്. ഈ വ്യവസ്ഥയ്‌ക്കെതിരാണ് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍.

‘ബാധകമായ നിയമത്തിന് അനുസൃതമായി ബഹികാശകത്ത് പര്യവേക്ഷണം നടത്തല്‍, വിഭവങ്ങളുടെ ഉപയോഗം എന്നിവയില്‍ ഏര്‍പ്പെടാന്‍ അമേരിക്കക്കാര്‍ക്ക് അധികാരമുണ്ടായിരിക്കണം,’ ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബഹിരാകാശത്ത് വിന്യസിക്കാനുള്ള സൈന്യത്തെ തയ്യാറാക്കുന്ന കരാറിലും ട്രംപ് ഒപ്പിട്ടിരുന്നു. ഭാവിയില്‍ മറ്റു ഗ്രഹങ്ങള്‍ അമേരിക്കയുടെ അധികാര പരിധിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കൊമൊസ് അഭിപ്രായപ്പെട്ടിരുന്നു.

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ട്രംപ് പുതിയ നീക്കത്തിനൊരുങ്ങുന്നത്. 14500 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 4 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ചൊവ്വാഴ്ച മാത്രം മരിച്ചവരുടെ എണ്ണം 1850 ആണെന്നാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍കലാശാലയുടെ കണക്കെടുപ്പില്‍ നിന്ന് വ്യക്തമാവുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here