ന്യൂയോർക്ക്: യുഎസിൽ കൊറോണ വൈറസ് (കോവിഡ്-19) വ്യാപനത്തിന്റെ കേന്ദ്രമായിമാറിയ ന്യൂയോർക്കിൽ മരണം ആയിരത്തോട് അടുക്കുന്നു. ഞായറാഴ്ച മാത്രം 82 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ന്യൂയോർക്കിൽ ആകെ മരണം 965 ആയി. രാജ്യത്തെ 40 ശതമാനം കൊറോണ മരണങ്ങളും ന്യൂയോർക്കിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ന്യൂയോർക്ക് സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ മരണങ്ങൾ ന്യൂയോർക്ക് നഗരത്തിലാണ്. ന്യൂയോർക്ക് നഗരത്തിൽ ഇതുവരെ 678 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.ന്യൂയോർക്കിലെ ദരിദ്രമേഖലകളെയാണ് രോഗം ഏറ്റവും കൂടുതൽ ബാധിച്ചത്. ക്വീൻസിൽ ശനിയാഴ്ച 30,000 ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ന്യൂയോർക്കിലെ 32 ശതമാനം കേസുകളും ക്വീൻസിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്വീൻസിലെ ജാക്സൺ ഹൈറ്റ്സ്, എൽമ്ഹർസ്റ്റ്,എന്നീ പ്രദേശങ്ങളെയാണ് കൊറോണ കീഴടക്കിയത്.
ഈ പ്രദേശത്ത് വസിക്കുന്നവർ പൊതുവെ ദരിദ്രരും ഇംഗ്ലീഷ് സംസാരിക്കാത്തവരുമാണ്. ജനസാന്ദ്രത ഇവിടെ വളരെ കൂടുതലുമാണ്. ഈ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ 69% മുതൽ 86% വരെ ആളുകൾ പോസിറ്റീവ് ആയി. ന്യൂയോർക്കിൽ ഞായറാഴ്ച 6,120 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊറോണ ബാധിതരുടെ ആകെ എണ്ണം 59,513 ആയി. യുഎസിൽ 16,167 പുതിയ കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 139,745 ആയി. ഞായറാഴ്ച 228 പേരാണ് മരിച്ചത്. ആകെ മരണ സംഖ്യ 2,448 ആയി.
കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് യു.എസിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിയന്ത്രണങ്ങൾ ദീർഘിപ്പിക്കുന്ന വിവരം ട്രംപ് അറിയിച്ചത്. ഇതോടെ സമ്പർക്കവിലക്ക് ഉൾപ്പടെ കോവിഡിനെ പ്രതിരോധിക്കാൻ യു.എസ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഈസ്റ്ററിന് ശേഷവും തുടരുമെന്ന് ഉറപ്പായി.
അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി കോവിഡ് ബാധിച്ചുള്ള മരണങ്ങൾ അമേരിക്കയിൽ തുടരുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ജൂണോടെ വൈറസ് ബാധ യു.എസിൽ നിയന്ത്രണവിധേയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ യു.എസിൽ രണ്ട് ലക്ഷത്തോളം ആളുകൾ കോവിഡ് ബാധിച്ച് മരിക്കുമെന്ന് കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് തലവൻ ഡോ.ആൻറണി ഫൗസി ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ ദീർഘിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. നേരത്തെ ഈസ്റ്ററിന് മുമ്പ് യു.എസിൽ കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.







































