വാഷിംഗ്ടണ്‍: ലോകത്തിലെ സുരക്ഷിതമായ സ്ഥലങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈറ്റ് ഹൗസിലു൦ കൊറോണ വൈറസ്…!!
വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹായിയായ ഒരു ഉദ്യോഗസ്ഥനാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, പ്രസിഡന്റ് ട്രംപിനോ വൈസ് പ്രസിഡന്റ് പെന്‍സിനോ ഈ വ്യക്തിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നില്ല എന്നാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നത്. അതേസമയം, ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പെന്‍സ് വക്താവ് കാറ്റി മില്ലര്‍ വിസമ്മതിച്ചു.
എന്നാല്‍, ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആ വ്യക്തി ആരുമൊക്കെയായി ബന്ധപ്പെട്ടു എന്ന് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി മില്ലര്‍ പറഞ്ഞു.
വൈറ്റ് ഹൗസ് ക്യാമ്പസിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാനുള്ള നടപടികള്‍ വൈറ്റ് ഹൗസ് ശക്തമാക്കി. വൈറ്റ് ഹൗസിന്റെ തിരക്കേറിയ ഭാഗങ്ങളിലേക്ക് വരുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതുപോലെ പ്രസ് ബ്രീഫിംഗ് റൂമിലും ഇരിപ്പിട ക്രമീകരണം മാറ്റിയിട്ടുണ്ട്. നിശ്ചിത അകലത്തിലാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം വരെ യുഎസില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 19285 ആയി ഉയര്‍ന്നു. 249 പേര്‍ മരിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം 50 മണിക്കൂറിനുള്ളില്‍ 10,000 പേര്‍ക്ക് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.







































