ന്യൂയോർക്ക്: കോവിഡ്- 19 പടരുന്നതിന്റെ പശ്ചാത്തലത്തിൽ സാന്പത്തികമാന്ദ്യം ഉണ്ടാക്കാതിരിക്കാൻ പലിശനിരക്ക് കുത്തനേ കുറച്ചുകൊണ്ട് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്). അടിസ്ഥാന പലിശനിരക്കിൽ അര ശതമാനമാണു കുറച്ചത്. സാധാരണ കാൽ ശതമാനം കുറയ്ക്കുന്ന ഫെഡ് ഇത്ര വലിയ കുറവു വരുത്തിയത് സാഹചര്യത്തിന്റെ ഗൗരവം കാണിക്കുന്നു. അടിസ്ഥാന പലിശനിരക്ക് 1.5 – 1.75 ശതമാനത്തിൽനിന്ന് 1.0- 1.25 ശതമാനമായി.
സാന്പത്തികമാന്ദ്യം വരാതിരിക്കാൻ ഏകോപിച്ച നീക്കങ്ങൾക്കു സന്പന്നരാജ്യങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. ജി-7 രാജ്യങ്ങളുടെ ധനമന്ത്രിമാരും കേന്ദ്രബാങ്ക് ഗവർണർമാരും ചൊവ്വാഴ്ച നടത്തിയ ടെലി കോണ്‍ഫറൻസിലാണ് ഈ ധാരണ. മറ്റു രാജ്യങ്ങളുമായും ഇവർ ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യയുടെ റിസർവ് ബാങ്ക് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഉചിതമായ നടപടികൾ തക്കസമയത്ത് എടുക്കുമെന്നും അറിയിച്ചു.
രോഗബാധ വ്യാപിക്കുന്നതു തടയാനായില്ലെങ്കിൽ സാന്പത്തികമാന്ദ്യത്തിലേക്കു ലോകം വീഴുമെന്ന് ജി-7 രാജ്യങ്ങളുടെ ഗവേഷണ വിഭാഗമായ ഒഇസിഡി മുന്നറിയിപ്പ് നൽകി. ഈ പശ്ചാത്തലത്തിലാണ് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്നൂചിനും യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലും മുൻകൈയെടുത്ത് ടെലികോണ്‍ഫറൻസ് നടത്തിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പലിശനിരക്ക് ഗണ്യമായി കുറയ്ക്കണമെന്നു ഫെഡറൽ റിസർവ് ബോർഡി(ഫെഡ്)നോട് ആവശ്യപ്പെട്ടിരുന്നു.
                







































