വാഷിങ്ടൺ: കോവിഡ് മഹാമാരി ലോക ജനതയെ തള്ളിയിടുന്നത് കൊടിയ ദാരിദ്ര്യത്തിലേക്കെന്ന് ആവർത്തിച്ച് ലോക ബാങ്ക്. ലോകത്തെമ്പാടുമായി 60 ദശലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിലാകുമെന്നാണ് ലോകബാങ്കിന്റെ പുതിയ മുന്നറിയിപ്പ്.
കോവിഡിനെ നേരിടാൻ 100 വികസ്വര രാജ്യങ്ങൾക്ക് 160 ബില്യൺ ഡോളറിന്റെ അടിയന്തിര സാമ്പത്തിക സഹായവും ലോകബാങ്ക് പ്രഖ്യാപിച്ചു.
ദാരിദ്ര്യ നിർമാർജനത്തിനായി വിവിധ രാജ്യങ്ങൾ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളെല്ലാം അട്ടിമറിക്കുന്നതാണ് കോവിഡും ലോക്ക്ഡൗണുമെന്ന് വേൾഡ് ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു.
ലോകജനസംഖ്യയുടെ 70 ശതമാനവും ഉൾക്കൊള്ളുന്ന നൂറ് രാജ്യങ്ങൾക്കാണ് സാമ്പത്തിക സഹായം. ആഫ്രിക്കൻ രാജ്യങ്ങൾക്കും അഫ്ഗാനിസ്ഥാൻ, ഹൈതി പോലുള്ള യുദ്ധ സാഹചര്യമുള്ള രാജ്യങ്ങൾക്കുമാണ് സഹായം.
അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് അനുസരിച്ച് 48,93,195 കോവിഡ് രോഗികളാണ് ലോകത്തെമ്പാടുമായി ഉള്ളത്. 3,22,861 പേർ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു.
 
                






