അറ്റ്ലാന്റ: അറ്റ്ലാന്റയിലെ മൂന്ന് മസാജ് പാർലറുകളിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വെടിവയ്പിൽ എട്ട് പേർ മരിച്ചു. ഇവരിൽ പലരും ഏഷ്യൻ വംശജരായ സ്ത്രീകളാണെന്ന് അധികൃതർ അറിയിച്ചു. വെടിവയ്പിൽ സംശയിക്കുന്ന 21 കാരനെ തെക്ക് പടിഞ്ഞാറൻ ജോർജിയയിൽ വെച്ച് കസ്റ്റഡിയിലെടുത്തു.
വൈകുന്നേരം 5 മണിയോടെ അറ്റ്ലാന്റയിൽ നിന്ന് 30 മൈൽ (50 കിലോമീറ്റർ) വടക്ക് അക്വർത്തിലെ ഗ്രാമപ്രദേശത്തിനടുത്തുള്ള ഒരു സ്ട്രിപ്പ് മാളിൽ യംഗ്സ് ഏഷ്യൻ മസാജ് പാർലറിൽ അഞ്ച് പേർക്ക് വെടിയേറ്റതായി റിപ്പോർട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാൾ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ റോബർട്ട് ആരോൺ ലോങിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.