gnn24x7

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഗുരുദ്വാരകളിലും തിരച്ചിൽ; ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി സിഖ് സംഘടനകൾ

0
140
gnn24x7

വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഗുരുദ്വാരകളിൽ  തിരച്ചിൽ നടത്തിയ  ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി സിഖ് സംഘടനകൾ രംഗത്ത് .  ഗുരുദ്വാരകൾ റെയ്ഡ് നടത്തുന്നത് പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകൾ പറഞ്ഞു.

യുഎസ്  യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ എത്തി പരിശോധന നടത്തി.രേഖകളില്ലാതെ അമേരിക്കയിൽ തങ്ങുന്ന ചില ഇന്ത്യക്കാർ കേന്ദ്രമായി ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ചില ഗുരുദ്വാരകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

 ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിൻ്റെ തീരുമാനത്തിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കിരൺ കൗർ ഗിൽ പറഞ്ഞു. അനധികൃത കുടിയേറ്റക്കാർ നടത്തുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം. ട്രംപ് ഭരണകൂടത്തിന് കീഴിൽ, ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള “സെൻസിറ്റീവ്” പ്രദേശങ്ങളിലോ സമീപത്തോ നിയമപാലകരെ തടയുന്ന ബൈഡൻ കാലഘട്ടത്തിലെ നയം യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി റദ്ദാക്കിയതിനെ തുടർന്നാണ് നടപടി.

“നമ്മുടെ ഗുരുദ്വാരകൾ സർക്കാർ നിരീക്ഷണത്തിനും വാറണ്ടുകളോടെയോ അല്ലാതെയോ സായുധ നിയമപാലകരുടെ റെയ്ഡുകൾക്കും വിധേയമാകുമെന്ന ആശയം സിഖ് വിശ്വാസ പാരമ്പര്യത്തിന് അസ്വീകാര്യമാണ്. നമ്മുടെ വിശ്വാസത്തിന് അനുസൃതമായി പരസ്പരം ഒത്തുചേരാനും സഹവസിക്കാനും സിഖുകാർക്ക് കഴിയുന്നത് പരിമിതപ്പെടുത്തുന്നതിലൂടെ ഇത് മതപരമായ വിശ്വാസത്തെ  ബാധിക്കും,” സിഖ് സഖ്യം പറഞ്ഞു.

റിപ്പോർട്ട്:

പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7