ന്യൂയോർക്ക്: യുഎസിലെ ടൈംസ് സ്ക്വയറിൽ മാൻഹോളിലുണ്ടായ പൊട്ടിത്തെറി പരിഭ്രാന്തി സൃഷ്ടിച്ചു. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. സ്ഫോടനത്തിനു പിന്നാലെ എന്താണ് സംഭവം എന്നറിയാതെ ആളുകൾ ഭയന്നോടി.
സമീപത്തെ കെട്ടിടങ്ങളിൽ ഉൾപ്പെടെ പ്രകമ്പനം ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. സ്‌ഫോടനത്തിൽ ആളപായമില്ല. പവർ കേബിളിലെ തകരാർ മൂലമാണ് മാൻഹോളിൽ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.
അഗ്നിരക്ഷാ സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായ മാൻഹോളിൽ നിന്നും മറ്റു രണ്ടെണ്ണത്തിൽനിന്നും ഉയർന്ന ഇരുണ്ട ചാരനിറത്തിലുള്ള പുക അന്തരീക്ഷമാകെ നിറഞ്ഞു. ഇതിനെത്തുടർന്ന് കാർബൺ മോണോക്സൈഡിന്റെ അളവ് ക്രമാതീതമായി വർധിച്ചതായും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.






































