വാഷിങ്ടൺ: ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്സെവറൻസ് റോവർ ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.25 ന് ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച ആറു ചക്രങ്ങളുള്ള റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത കുറച്ചു ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. 2020 ജൂലൈ 30നാണ് പേഴ്‌സിവിയറന്‍സ് വിക്ഷേപിച്ചത്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് ജെസറോ എന്ന ഗര്‍ത്തത്തിൽ റോവര്‍ ലാന്‍ഡ് ചെയ്തത്.
ലാന്‍ഡ് ചെയ്ത ശേഷമുള്ള ആദ്യ ചിത്രം പേഴ്‌സിവിയറന്‍സ് അയച്ചു. പേഴ്‌സിവിയറന്‍സും റോവറും 1.8 കിലോ ഗ്രാം ഭാരവും 0.49 മീറ്റർ ഉയരവുമുള്ള ഇന്‍ജെന്യുറ്റി എന്ന പേരിലുള്ള ചെറിയ ഹെലികോപ്ടറുമാണ് ഈ ദൗത്യത്തിലുള്ളത്. ദൗത്യത്തിന്റെ ആകെ ചെലവ് 300 കോടി ഡോളറാണ്. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്‌സെവറന്‍സ്. സോജണര്‍, ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വയിലിറങ്ങിയിരുന്നു. 2031ല്‍ സാമ്പിളുമായി പേഴ്‌സിവിയറന്‍സ് ഭൂമിയില്‍ തിരിച്ചെത്തും.






































