വാഷിംഗ്ടൺ: ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ “ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ്” പാക്കിസ്ഥാനെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നടന്ന ഡെമോക്രാറ്റിക് കോൺഗ്രസിന്‍റെ ക്യാമ്പൈനിടെയാണ് പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്‍റ് ബൈഡന്‍ രംഗത്തെത്തിയത്.
ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബൈഡൻ പാക്കിസ്ഥാനെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നെന്ന് വിശേഷിപ്പിച്ചത്. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയേറ്റതായി വിലയിരുത്തപ്പെടുന്നു. യുഎസിന്‍റെ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് ബൈഡന്‍ പാകിസ്ഥാനെതിരെ അഭിപ്രായ പ്രകടനം നടത്തിയത്. എന്നാല്‍ 48 പേജുള്ള ദേശീയ സുരക്ഷാ രേഖയിൽ പാക്കിസ്ഥാനെ കുറിച്ച് പരാമർശങ്ങളില്ലെന്നും റിപ്പോര്‍ട്ടുണ്ട്.





































