gnn24x7

ചൈനയിലുള്ള ആഗോള വ്യവസായവിതരണ ശൃംഖലകളെ നീക്കാനൊരുങ്ങി അമേരിക്ക

0
303
gnn24x7

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തില്‍ ചൈനയ്‌ക്കെതിരെ പരാതി തുടരുന്ന അമേരിക്ക ചൈനയ്‌ക്കെതിരെ പുതിയ നീക്കങ്ങള്‍ നടത്തുന്നു. ചൈനയിലുള്ള ആഗോള വ്യവസായവിതരണ ശൃംഖലകളെ നീക്കാനാണ് വാഷിംഗ്ടണ്‍ ഒരുങ്ങുന്നത്. നീക്കവുമായി ബന്ധപ്പെട്ട യു.എസ് ഔദ്യോഗിക വൃത്തങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സിനോട് വിവരങ്ങള്‍ സൂചിപ്പിച്ചത്.

നേരത്തെ പല തവണ പ്രസിഡന്റ് ട്രംപ് ചൈനയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് ആഗോള കമ്പനികളെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടിരുന്നു. കൊവിഡ് കാരണം അമേരിക്കന്‍ സാമ്പത്തിക രംഗം തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍ ചൈനയില്‍ നിന്നുള്ള യു.എസ് കമ്പനികളുടെ ഉല്‍പാദനവും വിതരണ ശൃംഖലയും മാറ്റി മറ്റു രാജ്യങ്ങളുമായി ധാരണയിലാവാനാണ് അമേരിക്ക ഉദ്ദേശിക്കുന്നത്.

‘കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചൈനയിലെ ഞങ്ങളുടെ വിതരണ ശൃംഖലകളുടെ ആശ്രയം കുറയ്ക്കുന്നതിന് ശ്രമം നടന്നുകൊണ്ടിരിക്കയാണ്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഈ നീക്കത്തെ അതിവേഗത്തിലാക്കുന്നു,’ യു.എസ് ഔദ്യോഗിക വൃത്തങ്ങള്‍ റോയിട്ടേര്‍സിനോട് പറഞ്ഞു.നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്തും സബ്‌സിഡി ഇളവകളിലൂടെയും ചൈനയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ തിരിച്ചു വിളിക്കാനാണ് ഉദ്ദേശിക്കുന്നത്.

കൊവിഡ് വ്യാപനത്തിനു കാരണം ചൈനയാണെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്. നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ ലാബില്‍ നിര്‍മ്മിച്ചെടുത്തതാണെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ ആരോപിച്ചത്. അതിന് പ്രധാന തെളിവുകള്‍ ലഭിച്ചെന്നും പോംപിയോ ഞായറാഴ്ച പറഞ്ഞു. സമാന അഭിപ്രായവുമായി ട്രംപും രംഗത്തെത്തിയിരുന്നു. എന്നാല്‍ നോവല്‍ കൊറോണ വൈറസ് മനുഷ്യ നിര്‍മിതമല്ലെന്നാണ് ലോകാരോഗ്യ സംഘടനയടക്കം നേരത്തെ വ്യക്തമാക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here