ന്യൂയോര്‍ക്ക്: ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യുഎന്‍ രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും എതിരെ വോട്ട് ചെയ്തത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി.
ഇറാനെതിരേ മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന ആയുധ ഇറക്കുമതി നിരോധനം ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരുന്നത്. 2015-ല്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവെച്ച കരാര്‍ ലംഘിച്ച് ഇറാന്‍ ആണവായുധം വികസിപ്പിച്ചുവെന്ന് ആരോപിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം രക്ഷാസമിതിയില്‍ കൊണ്ടുവന്നത്.
ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയുന്നതിനായാണ് 2015-ലെ കരാര്‍ കൊണ്ടുവന്നത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ 2018-ല്‍ അമേരിക്ക കരാറില്‍നിന്ന് പിന്മാറി. ഇപ്പോള്‍ കരാറിന് മുമ്പുണ്ടായിരുന്ന ആയുധ ഉപരോധത്തിന്റെ കാലാവധി ഒക്ടോബറില്‍ അവസാനിക്കുകയാണ്. ഇത് വീണ്ടും നീട്ടണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ രക്ഷാസമിതിയിലെ മറ്റ് സ്ഥിരാംഗങ്ങളായ റഷ്യ, ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇതിനോട് യോജിച്ചില്ല.