വാഷിങ്ടൺ: കോവിഡ് ബാധയിൽ ഏറ്റവും തീവ്രമായ ഘട്ടം കഴിഞ്ഞുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെ 24 മണിക്കൂറിനിടെയുളള മരണനിരക്കിൽ റെക്കോർഡ് മറികടന്ന് അമേരിക്ക. 24 മണിക്കൂറിനിടെ 4591 പേരാണ് രാജ്യത്ത് മരിച്ചത്. ലോകത്ത് കോവിഡ് ബാധിച്ച് ഒരു ദിവസം മരണമടയുന്നവരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇതിന് മുൻപുള്ള ഒരു ദിവസം ഏറ്റവും കൂടുതൽ പേർ മരിച്ചത് ബുധനാഴ്ചയായിരുന്നു. അന്ന് 2569 പേരാണ് ഒറ്റദിവസം മരണമടഞ്ഞത്. ഇതുവരെ 6,76,676 അമേരിക്കക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ വ്യാപിച്ചതിനെ തുടർന്ന് ലോകത്താകമാനം 1,44,000 പേരാണ് ഇതുവരെ മരിച്ചത്.
ന്യൂയോർക്ക് നഗരവും സമീപ പ്രദേശങ്ങളും ന്യൂ ജേഴ്സിയും കണക്ടികറ്റുമാണ് രാജ്യത്ത് കോവിഡ് വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നത്. ന്യൂയോർക്കിൽ മാത്രം 2,26,000 പേർക്ക് രോഗം സ്ഥിരീകരിച്ചു. 16,106 പേർ മരിക്കുയും ചെയ്തു. ന്യൂ ജേഴ്സിയിൽ രോഗം സ്ഥിരീകരിച്ചത് 75,317 പേർക്കാണ്. ഇവിടെ 3518 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.





































