gnn24x7

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എം.ഫിനോട് ഇറാന്‍ ആവശ്യപ്പെട്ട 5 ബില്യണ്‍ ഡോളര്‍ ലോണ്‍ നല്‍കുന്നത് തടയാനുള്ള ശ്രമവുമായി അമേരിക്ക

0
291
gnn24x7

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എം.ഫിനോട് ഇറാന്‍ ആവശ്യപ്പെട്ട 5 ബില്യണ്‍ ഡോളര്‍ ലോണ്‍ നല്‍കുന്നത് തടയാനുള്ള ശ്രമവുമായി അമേരിക്ക. മെഡിക്കല്‍ ആവശ്യത്തിനു കൊടുക്കുന്ന ധനസഹായം ഇറാന്‍ വിദേശരാജ്യങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിനയോഗിക്കുമെന്നാണ് യു.എസ് ആരോപിക്കുന്നത്.

‘ ലോകത്തിലെ തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍മാര്‍ വിദേശത്തെ സാഹസികതകള്‍ക്കാണ് പണം ഉപയോഗിക്കുക. ഇറാനിയന്‍ ജനതയ്ക്ക് മരുന്ന് വാങ്ങാനല്ല. ആ ഭരണകൂടത്തിലെ അഴിമതിക്കാര്‍ക്ക് മനുഷ്യത്വ പരമായ കാരണം കൊണ്ട് നല്‍കിയ പണം അവരുടെ പോക്കറ്റിലേക്കും തീവ്രവാദ സംഘത്തിനും പോയതിന്റെ നീണ്ട ചരിത്രമുണ്ട്,’ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.

ഇറാനില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 3800 കടന്നിരിക്കെയാണ് ഐ.എം.എഫിന്റെ പണം ലഭിക്കുന്നത് തടയാന്‍ യു.എസ് ശ്രമിക്കുന്നത്. 63589 പേര്‍ക്കാണ് ഇറാനില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഐ.എം.എഫിനോട് ആവശ്യപ്പെട്ട ധനസഹായം നല്‍കിയില്ലെങ്കില്‍ കുറ്റകരമാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി പറഞ്ഞിരുന്നു.

‘ലോണ്‍ നല്‍കുന്നതില്‍ ഒരു വിവേചനവും ഉണ്ടാവാന്‍ പാടില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ അവരുടെ കര്‍മ്മം ചെയ്തില്ലെങ്കില്‍ ലോകം അവരെ മറ്റൊരു തരത്തില്‍ മതിക്കുന്നതായിരിക്കും,’ റുഹാനി പറഞ്ഞു.
മാര്‍ച്ചിലാണ് ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ഐ.എം.എഫിന്റെ റാപിഡ് ഫിനാന്‍സിംഗ് ഇന്‍സ്ട്രുമെന്റിനോട് ലോണ്‍ നല്‍കാന്‍ അപേക്ഷ നല്‍കിയത്.

നേരത്തെ കൊവിഡിനെ പ്രതിരോധിക്കാന്‍ ഐ.എം.എഫിനോട് വെനിസ്വേല ആവശ്യപ്പെട്ടിരുന്ന 5 ബില്യണ്‍ ഡോളര്‍ നല്‍കുന്നതും അമേരിക്ക തടസ്സപ്പെടുത്തിയിരുന്നു.

ഇറാനില്‍ കൊവിഡ് ചികിത്സകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാവുന്നില്ലെന്നും മെഡിക്കല്‍ സാമഗ്രികളുടെയും മരുന്നുകളുടെയും അഭാവമുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. അമേരിക്കയുടെ വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ പല ബാങ്കുകളും കമ്പനികളും ഇറാനെ സഹായിക്കാനും മടിക്കുന്നു.

ഇറാനുമേല്‍ യു.എസ് ചുമത്തിയിരിക്കുന്ന വിലക്കുകള്‍ സാമ്പത്തിക-മെഡിക്കല്‍ തീവ്രവാദമാണെന്നാണ് റുഹാനി വിമര്‍ശിച്ചത്.

‘ ഇറാനുമേല്‍ യു.എസ് ചുമത്തിയിരിക്കുന്ന വിലക്കുകള്‍ സാമ്പത്തികവും മെഡിക്കല്‍പരവുമായ തീവ്രവാദമാണ്. അന്താരാഷ്ട്ര മെഡിക്കല്‍ നിയമങ്ങള്‍ അവര്‍ ലംഘിക്കുകയാണ്. മുന്‍പ് സാമ്പത്തിക തീവ്രവാദത്തില്‍ ഏര്‍പ്പെട്ടിരുന്ന വൈറ്റ്ഹൗസ് ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളിലും തീവ്രവാദം കൊണ്ടുവന്നതായി ചരിത്രത്തില്‍ അറിയപ്പെടും,’ റുഹാനി പറഞ്ഞു.

കഴിഞ്ഞ ദിവസം കൊവിഡിനെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ സഹായം വേണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധി പറഞ്ഞിരുന്നു.

‘ ഈ മഹാമാരിക്കെതിരെ പോരാടാന്‍ അമേരിക്കയുടെ സഹായം ഇറാന്‍ ഒരിക്കലും ചോദിച്ചിട്ടില്ല, ചോദിക്കുകയുമില്ല, എന്നാല്‍ ഇറാനുമേല്‍ ചുമത്തിയിരിക്കുന്ന ഏകപക്ഷീയവും നിയവിരുദ്ധവുമായ എല്ലാ വിലക്കുകളും അമേരിക്ക പിന്‍വലിക്കണം,’ ഇറാന്‍ വിദേശ കാര്യമന്ത്രാലയ പ്രതിനിധി അബ്ബാസ് മൗസവി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here