അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയിലും ലോകത്തിന്റെ മറ്റിടങ്ങളിലും പ്രതിഷേധം നടക്കവെ ഫല്‌സ്തീന്‍ ജനതയുടെ പ്രതിഷേധവും ആഗോള ശ്രദ്ധ നേടുന്നു.
ഞങ്ങള്‍ക്ക് 1948 മുതല്‍ ശ്വാസം കിട്ടുന്നില്ല എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ഫലസ്തീന്‍ ജനത തെരുവുകളില്‍ ഇസ്രഈല്‍ അധിനവേശത്തിനെതിരെ പ്രതിഷേധം നടത്തുന്നത്. 1948 ല്‍ ഇസ്രഈല്‍ സ്ഥാപിതമായതു മുതല്‍ ഫല്‌സതീന്‍ മേഖലയിലേക്ക് നടത്തുന്ന അധിനിവേശത്തെയാണ് പ്രതിഷേധക്കാര്‍ ഈ പ്ലക്കാര്‍ഡുകളിലൂടെ പരാമര്‍ശിക്കുന്നത്.
ഒപ്പം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഈ ഹാഷ് ടാഗ് ഇടുന്നുണ്ട്.
അമേരിക്കന്‍ പൊലീസിന്‍രെ ക്രൂരതകള്‍ക്കെതിരെ പ്രതിഷേധം നടക്കുമ്പോള്‍ അതിനേക്കാള്‍ ക്രൂരമായി ഇസ്രഈല്‍ സേന ഫലസ്തീനികള്‍ക്ക് മേല്‍ നടത്തുന്ന ആക്രമണങ്ങളെ പലരും ചൂണ്ടിക്കാട്ടി.
ഇതില്‍ മെയ് 30 ന് ഇസ്രഈല്‍ സൈന്യം വെടിവെച്ചു കൊന്ന ഭിന്ന ശേഷിക്കാരനായ എയാദ് ഹല്ലാഖ് എന്ന ഫല്‌സതീന്‍ യുവാവിന്റെ മരണത്തെയും ചിലര്‍ ഓര്‍മ്മിപ്പിച്ചു.
32 കാരനായ എയദ് ഹലാഖ് ഭിന്നശേഷിക്കാര്‍ക്കുള്ള പരിശീലന കേന്ദ്രത്തിലേക്ക് പോകവെയാണ് ഇസ്രഈല്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ജറുസലേമില്‍ വെച്ചായായിരുന്നു ഈ ഫലസ്തീന്‍ യുവാവിനെ കൊലപ്പെടുത്തിയത്. ഓട്ടിസം ബാധിതനായിരുന്നു എയാദ് ഹല്ലാഖ്.
ഈ യുവാവിന്റെ കൂടെ ഉണ്ടായിരുന്ന സ്‌കൂള്‍ കൗണ്‍സിലര്‍ പറയുന്നത് ഹലാഖ് ഭിന്ന ശേഷിക്കാരനാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നെന്നാണ്. ഹല്ലാഖിന്റെ കൈയ്യില്‍ തോക്കുണ്ടെന്ന് കരുതിയാണ് വെടിവെച്ചതെന്നാണ് പൊലീസ് പിന്നീട് നല്‍കിയ വിശദീകരണം. സംഭവം വിവാദമായതോടെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കൊലപാതകത്തെ അപലപിച്ചു കൊണ്ട് രംഗത്തു വരേണ്ടി വന്നു. സംഭവത്തില്‍ അനേഷണം നടത്തുമെന്നും നെതന്യാഹു പറഞ്ഞു.
യു.എസ് നഗരങ്ങളില്‍ ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. ജോര്‍ജ് ഫ്ളോയ്ഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്തു ഞെരിച്ച ഡെറിക് ഷൗവിന്‍ എന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്തിരുന്നു.
നിരായുധനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. എട്ട് മിനിട്ടോളം പൊലീസ് ഓഫീസര്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.







































