gnn24x7

ജോര്‍ജ് ഫ്‌ളോയിഡിന് നീതി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ട്രംപ്

0
292
gnn24x7

വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡിന് നീതി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവര്‍ വൈറ്റ് ഹൗസിന്റെ മതില്‍ക്കെട്ട് ഭേദിച്ച് അകത്ത് കടന്നിരുന്നെങ്കില്‍ സ്വീകരിക്കാന്‍ കാത്തിരുന്നത് അപകടകരമായ ആയുധങ്ങളും വെറിപിടിച്ച നായ്ക്കളും ആയിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

നൂറുകണക്കിന് പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് മുന്നില്‍ തടിച്ചു കൂടിയതുകൊണ്ട് വൈറ്റ് ഹൗസ് താല്‍ക്കാലികമായി അടച്ചിടേണ്ടി വന്നിരുന്നു.

ഇതിന് പിന്നാലെയാണ് ട്രംപ് പ്രതിഷേധക്കാര്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തിയത്.

”വലിയ ആള്‍ക്കൂട്ടമായിരുന്നു. കൃത്യമായി സംഘടിച്ചെത്തിയവര്‍. പക്ഷേ ആരും തന്നെ മതില്‍ക്കെട്ട് ഭേദിച്ച് വന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഏറ്റവും അപകടകരമായ ആയുധങ്ങളും വെറിപിടിച്ച നായ്ക്കളും അവരെ സ്വീകരിച്ചേനെ,” ട്രംപ് പറഞ്ഞു.

വെറ്റ് ഹൗസിന് സുരക്ഷ ഒരുക്കിയ സീക്രട്ട് സര്‍വ്വീസിനെ പ്രശംസിച്ച ട്രംപ് താന്‍ വൈറ്റ് ഹൗസിനുള്ളില്‍ സുഖമായിരുന്നെന്നും പുറത്ത് നടക്കുന്ന സംഭവങ്ങള്‍ ശാന്തമായി വീക്ഷിക്കുകയായിരുന്നെന്നും പറഞ്ഞു.

”വളരെ ശാന്തമായിരുന്നു. ഞാന്‍ അകത്തിരുന്നു എല്ലാം വീക്ഷിക്കുകയായിരുന്നു,” ട്രംപ് പറഞ്ഞു.

മിനയാപോളിസിലേക്ക് നാഷണല്‍ ഗാര്‍ഡിനെ അയച്ചിട്ടുണ്ടെന്നും ഡെമോക്രാറ്റ് മേയര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഗാര്‍ഡ് ചെയ്യുമെന്നും ട്രംപ് പറഞ്ഞു.ഇത് രണ്ട് ദിവസം മുന്‍പ് ചെയ്തിരുന്നെങ്കില്‍ ഇത്രമാത്രം നാശനഷ്ടങ്ങള്‍ സംഭവിക്കുമായിരുന്നില്ലെന്നും പൊലീസ് ആസ്ഥാനമന്ദിരം നശിപ്പിക്കപ്പെടില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു.

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്നതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങിയത്.

പൊലീസ് ക്രൂരതകള്‍ക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരേയും അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ശക്തിപ്പെടുകയാണ്.

എന്നാല്‍, ഫ്ളോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് തെരുവുകളില്‍ ഇറങ്ങിയ ജനങ്ങളോട് തുടക്കം മുതല്‍ക്കുതന്നെ മനുഷ്യത്വ രഹിതമായ നിലപാടുകളാണ് ട്രംപ് സ്വീകരിച്ചുവരുന്നത്. മഹത്തായ അമേരിക്കന്‍ നഗരങ്ങളില്‍ നടക്കുന്ന ഈ പ്രതിഷേധങ്ങള്‍ക്കു നേരെ കയ്യുംകെട്ടി താന്‍ നോക്കി നില്‍ക്കില്ലെന്നും പ്രതിഷേധം തുടര്‍ന്നാല്‍ വെടിവെച്ചുകൊല്ലുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here