തിരുവനന്തപുരം: തദ്ദേശീയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരിപൂര്‍ണ്ണമായും പരാജയപ്പെട്ടതിന്റെ പേരില്‍ തന്നെ എന്തിനാണ് ഇങ്ങിനെ കുറ്റപ്പെടുത്തുന്നത് എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ സങ്കടത്തോടെ പ്രസ്താവിച്ചു. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയില്‍ കേരളത്തിലെ യു.ഡി.എഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇരുപതില്‍ 19 സീറ്റു ലഭിച്ചപ്പോള്‍ ആരും അഭിനന്ദനം പറഞ്ഞില്ലെന്നും അന്ന് അത് കൂട്ടായ്മയുടെ വിജയമാണെന്നും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തന്നെ വളഞ്ഞിട്ട് അക്രമിക്കുന്നത് എന്തിനാണ് എന്നാണ് മുല്ലപ്പള്ളി ചോദിക്കുന്നത്.
തിരഞ്ഞെടുപ്പ് പാരാജയത്തില്‍ യാതൊരു നൈാരാശ്യവും തോന്നുന്നില്ലെന്നും 2010 ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിന് ഇതുവരെ നില മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും ആ യാര്‍ഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നുണ്ടെന്നും മുല്ലപ്പള്ളി പ്രസ്താവിച്ചു. ‘ഞാന്‍ അത്രവലിയ തെറ്റ് വല്ലതും ചെയ്‌തോ? പറയൂ, ഞാന്‍ ചെയ്ത തെറ്റ് എന്താണ്? ആ തെറ്റ് ഞാന്‍ തന്നെ തിരുത്താം. ഒരു മാനിനെ ചെന്നായ്ക്കള്‍ അക്രമിക്കുന്നതുപോലെയാണ് നിങ്ങള്‍ എന്നെ അക്രമിച്ചത്. എന്നെ മാത്രം ഒറ്റപ്പെടുത്തി അക്രമിച്ചു’ -സങ്കടത്തോടെ മുല്ലപ്പള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു.





































