മുംബൈ: ഫേസ്ബുക്കിൽ മറ്റൊരാൾക്കൊപ്പം ഭാര്യ നിൽക്കുന്ന ചിത്രം കണ്ട ഭർത്താവ് മൂന്നുമക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നലസൊപര ബാബുൽപാഡ സ്വദേശി കൈലാഷ് പാമറാണ്(35) ശനിയാഴ്ച മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ ഒന്നര മാസം മുൻപ് വീട് ഉപേക്ഷിച്ചു പോയിരുന്നു. പച്ചക്കറി വിൽപനക്കാരനായ കൈലാഷിന് ലോക്‌ഡൗൺ സമയത്ത് പണിയില്ലാതെയായതോടെയാണ് ഭാര്യ ഇറങ്ങിപ്പോയത്. തുടർന്ന് മാനസിക വിഷമത്തിലായിരുന്നു യുവാവെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ദിവസം ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ കൈലാഷ് പാമർ കണ്ടു. ഇതിനു പിന്നാലെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നും തുലിഞ്ച് പൊലീസ് വ്യക്തമാക്കി. കൈലാഷിന്റെ വാടക വീട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം. 12 വയസ്സുള്ള മകനും എട്ടും മൂന്നും വയസ്സുള്ള പെൺമക്കളുമൊത്തായിരുന്നു ഇയാളുടെ താമസം. ശനിയാഴ്ച രാവിലെയാണ് ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കില്‍ കണ്ടത്. തുടർന്ന് ഇയാൾ അസ്വസ്ഥനായിരുന്നു.
വൈകിട്ട് സമീപത്തെ വീട്ടിൽനിന്ന് പിതാവ് എത്തി ഇവരെ ചായ കുടിക്കാന്‍ വിളിച്ചിരുന്നു. വരുന്നില്ലെന്നായിരുന്നു കൈലാഷിന്റെ മറുപടി. രാത്രി എട്ടായിട്ടും ഇവരെ കാണാതായതോടെ പിതാവ് വീണ്ടും വീട്ടിലെത്തി. വാതിൽ അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് അയൽക്കാർക്കൊപ്പം വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ നാലു മൃതദേഹം കണ്ടെത്തിയത്. നാലു പേരുടെയും കഴുത്തറുത്ത നിലയിലായിരുന്നു. കൃത്യത്തിനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
കുട്ടികളെ കൊലപ്പെടുത്തി, ആദ്യം ഫാനിൽ കെട്ടിത്തൂങ്ങി മരിക്കാനായിരുന്നു കൈലാഷിന്റെ ശ്രമം. അതു പരാജയപ്പെട്ടപ്പോൾ സ്വയം കഴുത്തറുത്തു. കുട്ടികളെ മയക്കിക്കിടത്തിയായിരുന്നു കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.






































