കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ വിദേശവനിതയും പരാതി നല്‍കി. കൊച്ചിയിലെ കോളജിൽ വിദ്യാർഥിനിയായിരുന്ന വിദേശ വനിതയാണ് പരാതിയുമായി രംഗത്ത് വന്നത്. ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍വച്ച് അതിക്രമം കാട്ടിയെന്നാണ് പരാതി. ഇത് സംബന്ധിച്ച ഇവർ പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
ഈ മാസം അഞ്ചിനാണ് ലൈംഗിക പീഡനക്കേസിൽ സുജീഷ് അറസ്റ്റിലായത്. സുജീഷിനെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. കൊച്ചി ഇടപ്പള്ളിയിലെ ഇൻക്ഫെക്‌റ്റെഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ യുവതികളുടെ പരാതിയിൽ പാലാരിവട്ടം, ചേരാനെല്ലൂർ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ സുജിഷിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പരാതി നൽകിയ പെൺകുട്ടികളുടെ ശരീരത്തിൽ ടാറ്റൂ ചെയ്തെന്ന കാര്യം സമ്മതിച്ചെങ്കിലും ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന നിലപാടിലാണു പ്രതി.

































